കണ്ണൂർ: എംബിഎ വിദ്യാർഥികള്‍ക്ക് പരീക്ഷാ കേന്ദ്രമായി കണ്ണൂർ സെൻട്രല്‍ ജയില്‍. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ കീഴില്‍ എംബിഎ മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് സെന്റർ തിരഞ്ഞെടുക്കാനുള്ള ലിസ്റ്റിലാണ് കണ്ണൂർ സെൻട്രല്‍ പ്രിസണ്‍ ആൻഡ് കറക്ഷണല്‍ ഹോം അനുവദിക്കുന്ന വിചിത്രമായ നിർദേശമുള്ളത്.
ജൂണില്‍ പരീക്ഷയെഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർഥികളാണ് ആശങ്കയിലായിരിക്കുന്നത്.
83004ഡി എന്ന നമ്പർ സെന്റർ കോഡായി നല്‍കി പട്ടികയില്‍ സെൻട്രല്‍ ജയിലിന്റെ വിലാസവുമുണ്ട്. മൂന്നാം സെമസ്റ്ററിലെ ആറ് വിഷയവും എഴുതാനുള്ള സെന്ററാണിത്. അതുകൊണ്ടാണ് കൂടുതല്‍ പേർ തിരഞ്ഞെടുത്തത്.
പരീക്ഷാ കേന്ദ്രം തിരഞ്ഞെടുത്ത് പണമടച്ച വിദ്യാർഥികള്‍ അവസരം നഷ്ടമാകുമോ എന്ന ആശങ്കയിലാണ്. സർവകലാശാലയുടെ വടകര മേഖലാ .കേന്ദ്രത്തില്‍ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.
ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകള്‍ നിർമലഗിരി കോളേജില്‍ പരീക്ഷയെഴുതിയ വിദ്യാർഥികള്‍ക്ക് ഇത്തവണത്തെ ലിസ്റ്റില്‍ കോളേജ് ഉള്‍പ്പെട്ടിരുന്നില്ല. ഇതിന് പകരമാണ് സെൻട്രല്‍ ജയില്‍ ഇടം പിടിച്ചത്.
കണ്ണൂരില്‍ തോട്ടട എസ്‌എൻ കോളേജ്, വീർപ്പാട് ശ്രീനാരായണഗുരു കോളേജ്, മട്ടന്നൂർ കോണ്‍കോർഡ് ആർട്സ് ആൻഡ് സയൻസ് കോളേജ്, ആലക്കോട് മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജ്, തിരുവട്ടൂർ എംഎം നോളജ് ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവയാണ് മറ്റു സെന്ററുകള്‍.
രണ്ടു ദിവസമായി സെൻട്രല്‍ ജയിലില്‍ വിദ്യാർഥികളുടെ ഫോണ്‍വിളികള്‍ വന്നു കൊണ്ടിരിക്കുകയാണെന്ന് ജയിലധികൃതർ പറഞ്ഞു. ജയിലധികൃതർ വടകരയിലെ മേഖലാ കേന്ദ്രത്തില്‍ ബന്ധപ്പെട്ടപ്പോള്‍ സെന്റർ മാറ്റി നല്‍കാൻ അവസരം നല്‍കുമെന്ന് പറഞ്ഞു.
പുറത്തുള്ളവർക്ക് ജയിലിനകത്ത് പരീക്ഷ എഴുതാൻ സാധിക്കില്ല -സൂപ്രണ്ട്
എംബിഎ മൂന്നാം സെമസ്റ്റർ പരീക്ഷയുമായി ബന്ധപ്പെട്ട് പരീക്ഷാ കേന്ദ്രമായി സെൻട്രല്‍ ജയില്‍ നല്‍കിയത് തെറ്റു പറ്റിയതാകാമെന്ന് ജയില്‍ സൂപ്രണ്ട് കെ. വേണു പറഞ്ഞു.
പുറത്തുള്ള വിദ്യാർഥികള്‍ക്ക് ജയിലില്‍ പരീക്ഷ എഴുതാൻ സാധിക്കില്ല. ഇതു സംബന്ധിച്ച് ഒരു അറിയിപ്പും ജയിലില്‍ ലഭിച്ചിട്ടില്ല. ജയില്‍ ഇഗ്നോ പരീക്ഷാ കേന്ദ്രം അന്തേവാസികള്‍ക്ക് മാത്രമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.