Zygo-Ad

തലശ്ശേരി സംഘര്‍ഷം: അടിയന്തര പ്രമേയം അനുവദിച്ചില്ല; പൊതുപ്രാധാന്യമുള്ള വിഷയമല്ലെന്ന് സര്‍ക്കാര്‍


തിരുവനന്തപുരം: തലശ്ശേരി മണോളിക്കാവ് ഉത്സവവുമായി ബന്ധപ്പെട്ട സംഘര്‍ഷം സഭയില്‍ ഉന്നയിച്ച്‌ പ്രതിപക്ഷം. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കർ അനുമതി നല്‍കിയില്ല.

പൊതു പ്രാധാന്യമുള്ള വിഷയമല്ലെന്നും സഭയില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.

ഇതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. സി.പി.എം പ്രവർത്തകർ പൊലീസിനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പൊലീസുകാർക്കെതിരെയാണ് നടപടിയെടുത്തതെന്നും പൊലീസിന്റെ ആത്മവീര്യം തകർത്ത സംഭവമാണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാര്‍ പ്രതിരോധത്തിലായതു കൊണ്ടാണ് ചര്‍ച്ച പോലും അനുവദിക്കാതെ നോട്ടീസ് തള്ളിയത്. ഉത്സവത്തിനിടെ, തുടങ്ങിയ സംഘർഷം പിന്നീട്, പൊലീസും സി.പി.എമ്മും തമ്മിലായി. പിടിച്ചുമാറ്റാന്‍ ശ്രമിച്ച തലശ്ശേരി സ്റ്റേഷനിലെ പൊലീസുകാരെ ക്രൂരമായാണ് സി.പി.എമ്മുകാർ ആക്രമിച്ചത്.

അതിന് നേതൃത്വം നല്‍കിയ ആളെ അറസ്റ്റ് ചെയ്ത് ജീപ്പിലേക്ക് കയറ്റിയപ്പോള്‍ സി.പി.എം പ്രവര്‍ത്തകര്‍ സംഘമായി വന്ന് മോചിപ്പിച്ചു. 

ഞങ്ങളോട് കളിച്ചാല്‍ തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ ആരും കാണില്ലെന്ന് ക്രിമിനലുകള്‍ പറഞ്ഞത് യാഥാര്‍ഥ്യമായി. വനിത എസ്.ഐയെയും എസ്.ഐയെയും സ്ഥലംമാറ്റിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നഗ്നമായ രാഷ്ട്രീയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ