കോട്ടയം(മുണ്ടക്കയം): മുണ്ടക്കയം നഗരത്തില്‍ പുലി ഇറങ്ങി. കടുത്ത ആശങ്കയില്‍ ജനങ്ങള്‍. ഇന്നു പുലർച്ചെ മുണ്ടക്കയം പൈങ്ങണയില്‍ വൈഡബ്ല്യുസിഎ സ്കൂളിനു സമീപമാണ് നാട്ടുകാർ പുലിയെ കണ്ടതായി പറയുന്നത്.
പുലി ദേശീയപാത മുറിച്ചു കടന്നു പോകുന്നതാണു കണ്ടത്. ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. ഇതിന്‍റെ ശബ്ദം കേട്ട് ഉണർന്നവരാണ് പുലി സമീപത്തെ വ്യാപാര സ്ഥാപനത്തിനു മുമ്പിലൂടെ കടന്നു പോകുന്നതായി കണ്ടത്.
ഇവിടെ പുലിയുടേതെന്നു സംശയിക്കുന്ന കാല്‍പ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങള്‍ക്കു മുമ്പ് പാലൂർക്കാവിനു സമീപം പുലിയുടെ ആക്രമണത്തില്‍ നായയ്ക്കു പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസം കൊടുകുത്തിക്കു സമീപവും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് മുണ്ടക്കയം ടൗണിനോട് ചേർന്നു പുലിയെ കണ്ടത്. പുള്ളിപ്പുലിയോ സമാനമായ ജീവികളോ ആകാനാണ് സാധ്യത എന്നാണ് വനം വകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തല്‍. പോലീസും വനം വകുപ്പും നാട്ടുകാരും മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്.