പാലക്കാട്: ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തില്‍ വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്. പാലക്കാട് ഒറ്റപ്പാലം സ്വകാര്യ ഐടിഐ വിദ്യാർത്ഥി സാജനാണ് (20) മർദനമേറ്റത്.
ക്ലാസ് റൂമില്‍ വെച്ച് യാതൊരു പ്രകോപനവുമില്ലാതെ മർദിക്കുകയായിരുന്നുവെന്ന് എഫ്‌ഐആർ പറയുന്നു. സാജൻ്റെ മൂക്കിൻറെ എല്ല് പൊട്ടി. ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.
സാജൻ്റെ മൂക്കിനും ഇടതു വശത്തെ കണ്ണിന് താഴെയും ആഴത്തിലുള്ള മുറിവുണ്ട്. സംഭവത്തില്‍ സഹപാഠിയായ കിഷോർ (20) നെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു.
ഫെബ്രുവരി 19 ന് രാവിലെയാണ് സംഭവം നടന്നത്. മർദ്ദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. പ്രതിക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടെന്നും ഒറ്റപ്പാലം പൊലീസ് പറഞ്ഞു.