കോട്ടയം: കോട്ടയം ഗവണ്‍മെൻ്റ് നേഴ്സിങ് കോളജിലെ റാഗിങ് കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് അഞ്ച് പ്രതികളുടെയും ഹർജി തള്ളിയത്.
നേരത്തെ ഏറ്റുമാനൂർ കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. സീനിയർ വിദ്യാർഥികളായ സാമുവല്‍, ജീവ, റിജില്‍ ജിത്ത്, രാഹുല്‍ രാജ്, വിവേക് എന്നിവരാണ് പ്രതികള്‍.
പ്രതികളായ അഞ്ചു വിദ്യാർഥികളുടെ തുടർ പഠനം വിലക്കാൻ നഴ്സിങ് കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ പ്രിൻസിപ്പല്‍, ഹോസ്റ്റല്‍ അസിസ്റ്റൻ്റ് വാർഡൻ്റെ ചുമതലയുള്ള അധ്യാപകൻ എന്നിവരെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.
സർക്കാർ നഴ്‌സിങ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയെയാണ് മൂന്നാം വർഷ വിദ്യാർഥികള്‍ ക്രൂരമായി റാഗിങ്ങിന് വിധേയമാക്കിയത്. ഒന്നാം വർഷ വിദ്യാർഥിയുടെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് സീനിയർ വിദ്യാർഥികള്‍ ക്രൂരമായി ഉപദ്രവിച്ചത്.
കോമ്പസ് ഉപയോഗിച്ച് വിദ്യാർഥിയുടെ ശരീരത്തില്‍ കുത്തി, മുറിവിലും കാലിലും വായിലും ലോഷൻ ഒഴിക്കുന്നതും, ജനനേന്ദ്രിയത്തിൽ ഡംബൽ കെട്ടിത്തൂക്കുന്നതും, സ്വകാര്യ ഭാഗത്ത് പരിക്കേല്‍പ്പിക്കുന്നതും കാണാൻ സാധിക്കുന്ന വീഡിയോയാണ് കേസിലെ പ്രധാന തെളിവ്.
രാത്രിയില്‍ ഹോസ്റ്റല്‍ മുറിയില്‍ കയ്യും കാലും കെട്ടിയിട്ടാണ് ജൂനിയർ വിദ്യാർഥികളെ സീനിയേഴ്‌സ് ഉപദ്രവിച്ചത്.