Zygo-Ad

കരിപ്പൂരിലെ വീട്ടില്‍ നിന്ന് പിടികൂടിയത് ഒന്നരക്കിലോ എംഡിഎംഎ; എത്തിച്ചത് ഒമാനില്‍ നിന്ന്


മലപ്പുറം: കരിപ്പൂരില്‍ വന്‍ ലഹരി വേട്ട നടത്തി പൊലീസ്. കരിപ്പൂരിലെ ഒരു വീട്ടില്‍ നിന്ന് ഒന്നരക്കിലോ എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. 

മയക്കുമരുന്ന് കേസില്‍ മട്ടാഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലുള്ള കരിപ്പൂര്‍ മുക്കൂട്മുള്ളന്‍ മടക്കല്‍ ആഷിഖിന്റെ (27)ന്റെ വീട്ടില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്.

ജനുവരിയില്‍ മട്ടാഞ്ചേരി പൊലീസ് നടത്തിയ റെയ്ഡുകളില്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകളുമായി ഒരു യുവതി അടക്കം ആറു പേരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ക്ക് എംഡിഎംഎ വിതരണം ചെയ്തിരുന്ന പ്രധാനിയായ ആഷിഖും മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്. 

ഒമാനില്‍ അഞ്ചു വര്‍ഷമായി സൂപ്പര്‍ മാര്‍ക്കറ്റ് ലീസിനെടുത്ത് നടത്തുകയായിരുന്ന ആഷിഖ് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന എംഡിഎംഎയാണ് കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴി കടത്തിയിരുന്നത്.

ഭക്ഷ്യ വസ്തുക്കള്‍ക്കുള്ളിലും ഫ്‌ളാസ്‌ക്കുകളിലും ഒളിപ്പിച്ചായിരുന്നു എംഡിഎംഎ കടത്തിയിരുന്നത്. ആഷിഖ് കേരളത്തിലെത്തിയെന്ന് വിവരം ലഭിച്ചതോടെയാണ് മട്ടാഞ്ചേരി പൊലീസ് ഇയാളെ പിടി കൂടിയത്. തുടര്‍ന്ന് ആഷിഖിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. 

എയര്‍ കാര്‍ഗോ വഴിയാണ് ഇയാള്‍ ഒന്നരക്കിലോ എംഡിഎംഎ വിദേശത്ത് നിന്ന് കേരളത്തിലേക്ക് കടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

വളരെ പുതിയ വളരെ പഴയ