സംസ്ഥാനത്ത് സിപിഎമ്മിന് അംഗബലം കൂടിയെന്ന് എംവി ഗോവിന്ദൻ. കൊല്ലത്ത് നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പാർട്ടിക്കും സർക്കാരിനുമെതിരെ പ്രതിപക്ഷത്തിൻ്റെ ശക്തി കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളാണ്. ലഹരിക്കെതിരാണ് പാർട്ടി നിലപാട്. മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് കയ്യൂരിൽ നിന്നുള്ള പതാക ജാഥയും ദീപശിഖാ പ്രയാണവും തുടരുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഈ മാസം 5ന് വൈകിട്ട് കൊല്ലത്തെ പൊതുസമ്മേളന നഗരിയിൽ പതാക ഉയർത്തും. 6 ന് പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി കർശനമാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. അംഗസംഖ്യ വർധിപ്പിക്കുന്നില്ല. കേരളത്തിൽ പാർട്ടിക്ക് നല്ല മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 37517 അംഗങ്ങളുടെ വർധന ഉണ്ടായി. 38426 പാർട്ടി ബ്രാഞ്ചുകൾ കേരളത്തിലുണ്ട്. 3247 ബ്രാഞ്ചുകൾ വർധിച്ചു . 2744 ലോക്കൽ കമ്മിറ്റി, 14 ജില്ലകളിലായി 210 ഏരിയ കമ്മിറ്റികളുമുണ്ടായി. വനിത അംഗങ്ങൾ കൂടി. 2597 വനിതാ ബ്രാഞ്ച് സെക്രട്ടറിമാരും 40 വനിതാ ലോക്കൽ സെക്രട്ടറിമാരുമുണ്ട്. അത് ഇനിയും ഉയരണം. 44 നിരീക്ഷകരും അതിഥികളും 486 പ്രതിനിധികളും ഉൾപ്പടെ 530 പേരാണ് ഇത്തവണ സമ്മേളന പ്രതിനിധികൾ. അതിൽ 75 പ്രതിനിധികൾ സ്ത്രീകളാണ്. ഫാസിസ്റ്റ് ഭരണകൂടത്തെ പ്രതിരോധിക്കാനുള്ള ഐക്യം ശക്തിപ്പെടുത്തുക എന്നതാണ് നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ജനകീയമായ ഒരു മുന്നേറ്റം കേരളത്തിൽ സൃഷ്ടിക്കണം. അതിന് സർക്കാർ മുൻകൈ എടുത്ത് മുന്നോട്ട് പോകണം. നവകേരളത്തിനായി പുതുവഴികളെന്ന രേഖ സമ്മേളനത്തിൽ ചർച്ച ചെയ്യും. കഴിഞ്ഞ സമ്മേളനത്തിൽ ചർച്ച ചെയ്തതിൻ്റെ തുടർച്ചയാണിത്. കേരളത്തെ താരതമ്യങ്ങൾ ഇല്ലാത്ത പുതിയ സംസ്ഥാനമാക്കി മാറ്റും. ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ ജനകീയ മുന്നേറ്റമുണ്ടാക്കാനുള്ള ചർച്ചകൾ നടക്കും. നേട്ടങ്ങൾ വിലയിരുത്തിയും കോട്ടങ്ങൾ പരിഹരിച്ചും മുന്നോട്ട് പോകും.
കുട്ടികളിലെ അക്രമ വാസന വളർത്തുന്ന നിലയിൽ മയക്കുമരുന്നിൻ്റെ ഉപയോഗം വ്യാപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലഹരിയുടെ വിപണനവും ഉപയോഗവും കേരളത്തിലും സജീവമാകുന്നുണ്ട്. അതിന്റെ തെളിവുകളാണ് അടുത്തിടെ ഉണ്ടായ സംഭവങ്ങൾ. അതിനെതിരെ കക്ഷി രാഷ്ട്രീയം നോക്കാതെ ഒന്നിക്കണം. സർക്കാർ സംവിധാനം സ്കൂളുകളിൽ ഉൾപ്പടെ ഇടപെടൽ നടത്തും.
കേരളത്തിൽ വലതുപക്ഷവും വർഗീയ ശക്തികളും ഇടതുപക്ഷത്തിന് എതിരെ ഒന്നിച്ചു. കേരളത്തിലെ പ്രതിപക്ഷത്തിൻ്റെ ശക്തി കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളാണ്. പ്രതിപക്ഷത്തിൻ്റ ജോലി നിർവഹിക്കുന്ന മാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് വിരുദ്ധത ഇങ്ങനെ പ്രചരിപ്പിച്ചിട്ട് എന്ത് നേടുമെന്ന് ഗൗരവത്തോടെ ആലോചിക്കണം. ന്യായമായ കാര്യങ്ങൾ ന്യായമായി പ്രചരിപ്പിക്കണം. കടൽ ഖനനത്തിന് പാർട്ടിയും കേരള സർക്കാരും എതിരാണ്. അതി ശക്തിയായി എതിർക്കും. സർക്കാർ പ്രമേയം പാസാക്കും.
പിണറായി സർക്കാർ എന്ത് ചെയ്തെന്നാണ് പലരും ചോദിക്കുന്നത്. ഗൗരവകരമായ വികസനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഗെയിൽ പദ്ധതി ഉമ്മൻചാണ്ടി സർക്കാർ അവസാനിപ്പിച്ചു പോയതാണ്. ഈ സർക്കാർ ഇല്ലായിരുന്നെങ്കിൽ അതില്ല. ഭൂർഷ്വാ സമൂഹത്തിലാണ് പ്രവർത്തിക്കുന്നത്. ആ പ്രവണത പാർട്ടി സഖാക്കളെയും ബാധിക്കുന്നുണ്ട്. ജീർണതകൾ പരിഹരിക്കും. നവീകരണ പ്രക്രിയ നടക്കും. തെറ്റു തിരുത്തലുമായി മുന്നോട്ട് പോകും.