Zygo-Ad

മലപ്പുറം താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി; രാത്രി ഫോണില്‍ സിം ഇട്ടത് നിര്‍ണായകമായി, കേരള പൊലീസിന്റെ ട്രാക്കിങ് ഫലം കണ്ടു; താനൂര്‍ എസ്‌ഐയും സംഘവും മുംബൈയിലേക്ക്


മലപ്പുറം:  ദേവദാര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളായ ഫാത്തിമ ഷഹാദ, അശ്വതി എന്നിവരെയാണ് കാണാതായത്. പരീക്ഷയ്‌ക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കുട്ടികള്‍ പക്ഷേ സ്‌കൂളിലെത്താതിരുന്നതോടെ അധ്യാപകര്‍ വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് കുട്ടികളെ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. 

കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമിലാണ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. സ്‌കൂളില്‍ പോയി തിരിച്ചെത്താനുള്ള പണം മാത്രമാണ് ഇവര്‍ കയ്യില്‍ കരുതിയിരിക്കുന്നതെന്നും കുടുംബം വ്യക്തമാക്കി.

'പരീക്ഷയുണ്ടായിരുന്നു. രണ്ട് മണിയായിട്ടും പരീക്ഷ ഹാളിലെത്താതിരുന്നതോടെ ടീച്ചര്‍ വിളിച്ചു. അപ്പോഴാണ് അന്വേഷണം തുടങ്ങിയത്. അഞ്ചരയായിട്ടും മകള്‍ തിരിച്ചെത്താതിരുന്നതോടെ പൊലീസില്‍ പരാതി നല്‍കി. അവര്‍ അപ്പോള്‍ തന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു,' ഫാത്തിമ ഷഹാദയുടെ പിതാവ് മാധ്യമങ്ങളോട് ട് പറഞ്ഞു. 

എന്നാൽ വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായി താനൂരില്‍നിന്ന് കാണാതായ പെണ്‍കുട്ടികള്‍. മുംബൈയിലെ മലയാളി സന്നദ്ധ പ്രവർത്തകരോടാണ് കുട്ടികള്‍ ഇക്കാര്യം പറഞ്ഞത്.

മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ പിന്തുടർന്ന് കേരള പോലീസും റെയില്‍വേ പോലീസും നടത്തിയ അന്വേഷണമാണ് പെണ്‍കുട്ടികളെ വേഗത്തില്‍ കണ്ടെത്താൻ സഹായിച്ചത്. സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികള്‍ പരിചയപ്പെട്ട എടവണ്ണ സ്വദേശി റഹീം അസ്ലമിനെ പോലീസ് കണ്ടെത്തിയതും പിന്തുടർന്നതുമാണ് പെണ്‍കുട്ടികളെ കണ്ടെത്തുന്നതില്‍ നിർണായകമായത്.

ഇവരുടെ രണ്ടു പേരുടേയും ഫോണിലേക്ക് അവസാനമായി വിളിച്ചത് റഹീമാണ്. ഇയാളുടെ വീട്ടിലെത്തി പോലീസ് വിവരങ്ങള്‍ അന്വേഷിച്ചു. രണ്ടു പേരേയും പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയ വഴിയാണെന്നും യാത്ര ചെയ്യാൻ താത്പര്യമുണ്ടെന്ന് ഇരുവരും തന്നോട് പറഞ്ഞുവെന്നും റഹീം അറിയിച്ചു. 

കോഴിക്കോട്ടു നിന്ന് ഇവർക്കൊപ്പം ചേർന്ന റഹീം മുംബൈയിലേക്ക് കൂടെ പോയി. അവിടെ നിന്ന് രണ്ടു പേരെയും പൻവേലില്‍ മലയാളി യുവതി നടത്തുന്ന ബ്യൂട്ടി പാർലറില്‍ എത്തിച്ചുവെന്നും റഹീം പോലീസിനോട് പറഞ്ഞു. ഫാത്തിമ ഷഹദ ആവശ്യപ്പെട്ടിട്ടാണ് യുവാന് ഒപ്പം പോയതെന്നാണ് എടവണ്ണ സ്വദേശിയായ അക്ബർ റഹീമിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. 

ഇൻസ്റ്റഗ്രാം വഴിയാണ് റഹീം ഫാത്തിമ ഷഹദയെ പരിചയപ്പെട്ടത്. പിന്നീട് വീട്ടില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും, കുടുംബത്തോടൊപ്പം തുടരാൻ കഴിയില്ലെന്നും ഷഹദ പറഞ്ഞു. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോള്‍ യുവാവ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നും എന്നാല്‍ സഹായിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്ന് ഫാത്തിമ ഷഹദ പറഞ്ഞുവെന്നും റഹീമിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

കുട്ടിയുടെ ദുരവസ്ഥ കണ്ടാണ് റഹീം കൂടെ പോയതെന്ന് ഇവർ പറയുന്നു. കഴിഞ്ഞ ദിവസം ഇന്നലെ രാവിലെയാണ് റഹീം എടവണ്ണയിലെ വീട്ടില്‍ നിന്നിറങ്ങിയതെന്നും ഇവർ പറഞ്ഞു. മുംബൈയിലേക്ക് പോകാനുള്ള കുട്ടികളുടെ പ്ലാൻ മനസ്സിലാക്കിയതോടെ റഹീം കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. റഹീമിനും മുംബൈയിലേക്കുള്ള ടിക്കറ്റുകള്‍ എടുത്തു നല്‍കിയത് കുട്ടികളാണ്.

മൂവരും മുംബൈയില്‍ ട്രെയിനിറങ്ങിയപ്പോഴാണ് കേരളത്തില്‍ ഇതൊരു വലിയ വാർത്തയായി മാറിയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും മനസിലായതെന്നും നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടുവെന്നുമാണ് യുവാവ് പിന്നീട് അറിയിച്ചത്. 

ഇതിന് വിസമ്മതിച്ച കുട്ടികള്‍ പിന്നീട് തന്റെ അടുത്ത് നിന്ന് പോയെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. വ്യാഴാഴ്ച രാത്രി തന്നെ റഹീം ട്രെയിനില്‍ കേരളത്തിലേക്ക് മടങ്ങിയിട്ടുണ്ട്.

ഇന്നലെ രാത്രിയോടെ ഇരുവരും മുംബൈയിലെ ഒരു സലൂണില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്താനായത്.

മുംബൈയിലെ ലാസ്യ സലൂണില്‍ ആണ് മുടി ട്രിം ചെയ്യാനായി പെണ്‍കുട്ടികള്‍ എത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇരുവരും സലൂണില്‍ എത്തിയത് എന്നാണ് ജീവനക്കാര്‍ പറയുന്നത്. മുഖം മറച്ചാണ് ഇരുവരും എത്തിയിരുന്നത്. 

രണ്ട് പേര്‍ക്കും ഹിന്ദിയോ ഇംഗ്ലിഷോ സംസാരിക്കാന്‍ അറിയില്ല. ഇതോടെ മലയാളം അറിയുന്ന ഒരു ജീവനക്കാരന്‍ സലൂണില്‍ പെണ്‍കുട്ടികളെ സഹായിക്കാനായി നിന്നിരുന്നു.

മുഖത്തിന്റെ ലുക്ക് ആകെ മാറ്റണം എന്നും മുടി സ്‌ട്രെയിറ്റ് ചെയ്യണം എന്നുമായിരുന്നു പെണ്‍കുട്ടികളുടെ ആവശ്യം. ഇത് പ്രകാരം ഇരുവരുടേയും നീളമുള്ള മുടി മുറിച്ച് കളഞ്ഞു. സലൂണില്‍ എത്തിയപ്പോള്‍ പേരും മൊബൈല്‍ നമ്പരും ചോദിച്ചിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ കാണാതായി എന്നായിരുന്നു പെണ്‍കുട്ടികളുടെ മറുപടി. പേരു വിവരം മാത്രമാണ് ഇവിടെ നല്‍കിയത്.

സലൂണില്‍ ട്രീറ്റ്‌മെന്റ് നടക്കുമ്പോള്‍ തന്നെ ഇരുവരും വേഗം പോകാനായി ധൃതി കൂട്ടിയിരുന്നു. എന്നാല്‍ ഇത്രയും പണം മുടക്കുമ്പോള്‍ മുഴുവനായി ചെയ്യണമെന്ന് സലൂണിലെ ജീവനക്കാര്‍ പറഞ്ഞു. 10000 രൂപയുടെ ട്രീറ്റ്‌മെന്റാണ് ഇരുവരും കൂടി ചെയ്തത്. 

പെണ്‍കുട്ടികളുടെ കൈവശം ധാരാളം പണമുണ്ടായിരുന്നു എന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്തിനാണ് മുംബൈയിലേക്ക് വന്നത് എന്ന് ചോദിച്ചപ്പോള്‍ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയതാണ് എന്നാണ് പറഞ്ഞത്.

ഇവിടെ നിന്ന് പന്‍വേലിലേക്ക് പോകുമെന്നും പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ പരിഭ്രാന്തരായി എന്നും പിന്നീട് ഇവര്‍ ഇവിടെ നിന്ന് പോകുകയായിരുന്നു എന്നുമാണ് ജീവനക്കാര്‍ പറയുന്നത്. പിന്നീട് പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് കേരളത്തില്‍ നിന്നു കാണാതായ പെണ്‍കുട്ടികളാണ് ഇവര്‍ എന്ന് ജീവനക്കാര്‍ അറിയുന്നത്. 

നാല് മണിയോടെ ഇവർ മുംബൈ സിഎസിടി റെയില്‍വെ സ്റ്റേഷന് എത്തിയെന്നാണ് വിവരം. പിന്നീട് നാല് മണിക്കൂറോളം ഇവർ അവിടെ തന്നെ തുടർന്നു. രാത്രി ഒൻപത് മണിയോടെ തങ്ങളുടെ മൊബൈല്‍ ഫോണില്‍ ഇവർ പുതിയ ഒരു സിം കാർഡ് ഇട്ടു.

ഇതാണ് അന്വേഷത്തില്‍ നിർണായകമായത്. കുട്ടികളുടെ മൊബൈല്‍ ലൊക്കേഷൻ നിരീക്ഷിക്കുകയായിരുന്ന കേരള പൊലീസിന് ഇവർ പുതിയ സിം ഫോണില്‍ ഇട്ടപ്പോള്‍ തന്നെ ടവർ ലൊക്കേഷൻ ലഭിച്ചു.

മുംബൈ സിഎസ്‍ടി റെയില്‍വെ സ്റ്റേഷന് പരിസരത്ത് നിന്നാണ് ലൊക്കേഷൻ എന്ന് മനസിലാക്കിയ പൊലീസ് മുംബൈയിലെ മലയാളി അസോസിയേഷൻ പ്രവ‍ർത്തകരുടെ സഹായത്തോടെ അവിടെ തെരച്ചില്‍ നടത്തിയിരുന്നു.

എന്നാല്‍ 10.45ഓടെ ഇവർ സിഎസ്‍ടിയില്‍ നിന്ന് പുറപ്പെട്ടു. ചെന്നൈ എഗ്മോർ എക്സ്പ്രസില്‍ സിഎസ്ടിയില്‍ നിന്ന് തന്നെയാണ് കയറിയതെന്നും സൂചനയുണ്ട്. 1.45ന് ട്രെയിൻ ലോണാവാലയില്‍ എത്തിയപ്പോഴാണ് റെയില്‍വെ പൊലീസ് പിടി കൂടുന്നത്.

കുട്ടികളെ കാണാതാകുന്നതിന് മുമ്പായി മൊബൈല്‍ സ്വിച്ച് ഓഫ് ആകുന്നതിന് മുന്‍പായി ഇരുവരുടേയും ഫോണിലേക്ക് ഒരേ നമ്പറില്‍ നിന്ന് കോള്‍ വന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എടവണ്ണ സ്വദേശിയായ റഹീം അസ്ലത്തിന്റെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നായിരുന്നു ഇത്.

ഈ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ മഹാരാഷ്ട്ര എന്ന് കാണിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് പൊലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചത്. 

മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ മുംബൈയില്‍ എത്തിയെന്ന് പൊലീസിന് മനസിലായി. ഇതിനിടെ റഹീം അസ്ലം മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുകയും ചെയ്തു.

അന്വേഷണത്തിന്റെ രണ്ടാം ദിവസം തന്നെ പെണ്‍കുട്ടികള്‍ സഞ്ചരിക്കുന്ന റൂട്ട് കൃത്യമായ ലൊക്കേറ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചതാണ് വഴിത്തിരിവായത്. കേരള പൊലീസ് നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് റെയില്‍വെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്തുന്നത്. 

ചെന്നൈ - എഗ്മോര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥികളെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

താനൂർ പൊലീസ് മുംബെെയില്‍ എത്തിയ ശേഷം പെണ്‍കുട്ടികളെ കൈമാറും. താനൂർ സ്റ്റേഷനിലെ എസ്‌ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടികളെ കൊണ്ടു വരുന്നതിനായി തിരിച്ചിട്ടുണ്ട്.

കുട്ടികളെ നാട്ടില്‍ എത്തിച്ച ശേഷം കൗണ്‍സലിംഗ് അടക്കം നല്‍കുമെന്ന് പൊലീസ് അറിയിച്ചു

വളരെ പുതിയ വളരെ പഴയ