ഇടുക്കി: ഹൈബ്രിഡ് കഞ്ചാവുമായി മേക്കപ്പ്മാൻ പിടിയില്‍. ആർജി വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥാണ് പിടിയിലായത്.
ഇടുക്കി മൂലമറ്റം എക്സൈസാണ് ഇയാളെ പിടികൂടിയത്. കാഞ്ഞാറില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. പ്രതിയുടെ കയ്യില്‍ നിന്ന് 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവുണ്ടായിരുന്നുവെന്നും എക്സൈസ് വ്യക്തമാക്കി.
ആവേശം, പൈങ്കിളി, സൂക്ഷ്മദർശിനി, രോമാഞ്ചം തുടങ്ങിയ സിനിമകളുടെ മേക്കപ്പ്മാൻ ആയിരുന്നു രഞ്ജിത്ത്. 'അട്ടഹാസം' എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോവുന്നതിനിടെ രാവിലെ ഒമ്ബത് മണിയോടെയാണ് എക്സൈസിന്റെ പിടിയിലായത്.
വാഗമണ്‍ മേഖലയിലാണ് അട്ടഹാസം സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്. ലൊക്കേഷനില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം എക്സൈസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ അവിടെ ലഹരി ഉപയോഗിച്ച ചിലരെ കണ്ടെത്തി.
ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നു രാവിലെ പരിശോധന വ്യാപിപ്പിച്ചപ്പോഴാണ് രഞ്ജിത്തിലേക്ക് അന്വേഷണം എത്തിയത്.
ഊബർ ടാക്സിയില്‍ പോവുകയായിരുന്ന ഇയാളെ കയ്യോടെ പിടികൂടി പരിശോധിച്ചപ്പോള്‍ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തുകയായിരുന്നു എക്സൈസ്.