Zygo-Ad

ഇലന്തൂര്‍ നരബലി; രണ്ടര വര്‍ഷത്തിനു ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി


കൊച്ചി: കേരളത്തെ ഞെട്ടിച്ച ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ രണ്ടര വര്‍ഷത്തിനു ശേഷം പ്രതികള്‍ ജയിലിനു പുറത്തിറങ്ങി.

കേസില്‍ വിചാരണയ്ക്കു മുമ്പുള്ള പ്രാഥമിക വാദം ഇന്നലെ ആരംഭിച്ചു.

ഇതിന്‍റെ ഭാഗമായാണ് കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫി (52), രണ്ടാം പ്രതി ആയുര്‍വേദ ചികിത്സകന്‍ ഭഗവല്‍സിംഗ് (70) എന്നിവരെ വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്നും മൂന്നാം പ്രതിയും ഭഗവല്‍സിംഗിന്‍റെ ഭാര്യയുമായ ലൈല (58) യെ വിയ്യൂര്‍ വനിതാ ജയിലില്‍ നിന്നും പ്രാഥമിക വാദം നടക്കുന്ന എറണാകുളം പനമ്പള്ളി നഗറിലെ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ എത്തിച്ചത്.

വിചാരണക്കോടതി മുതല്‍ ഹൈക്കോടതി വരെ പ്രതികള്‍ക്കു ജാമ്യം നല്‍കിയിരുന്നില്ല. രണ്ടര വര്‍ഷത്തിനു ശേഷമാണ് മൂവരും ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. 

സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായ വി.എന്‍. അനില്‍കുമാറാണ്‌ പ്രോസിക്യൂഷനു വേണ്ടി ഹാജരായത്. പ്രതികള്‍ക്കു വേണ്ടി അഡ്വ. ബി.എം.ആളൂര്‍ ഹാജരായി.

കടവന്ത്രയില്‍ താമസിച്ചിരുന്ന തമിഴ്‌നാട് ധര്‍മപുരി സ്വദേശിനി പത്മയെയും കാലടിയില്‍ താമസിച്ചിരുന്ന ഇടുക്കി സ്വദേശിനി റോസിലിയെയും പത്തനംതിട്ട ഇലന്തൂരില്‍ എത്തിച്ചു കൊലപ്പെടുത്തിയെന്നതാണു കേസ്.

പത്മയെ കാണാനില്ലെന്ന പരാതിയില്‍ കൊച്ചി സിറ്റി പോലീസ് നടത്തിയ അന്വേഷണമാണു ക്രൂരമായ കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. പത്മയെ 2022 സെപ്റ്റംബര്‍ 26നും റോസിലിയെ ജൂണ്‍ എട്ടിനുമാണ് കൊലപ്പെടുത്തിയത്. 2022 ഒക്‌ടോബര്‍ 11നാണ് മൂന്ന് പ്രതികളും അറസ്റ്റിലായത്.

മൂന്ന് പ്രതികള്‍ക്കും കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഇക്കാര്യങ്ങള്‍ സ്‌പെഷല്‍ പബ്ലിക പ്രോസിക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചു. കേസിലെ പ്രാഥമിക വാദത്തിന്‍റെ തുടര്‍ച്ച ഈ മാസം 25 ലേക്കു മാറ്റി.

വളരെ പുതിയ വളരെ പഴയ