ഈ വര്‍ഷത്തെ ആദ്യത്തെ രക്ത ചന്ദ്രന്‍ മാര്‍ച്ച് 13ന് രാത്രിയും മാര്‍ച്ച് 14 ന് പുലര്‍ച്ചെയുമായി ദൃശ്യമാകും. വിവിധ പ്രദേശങ്ങളിലെ സമയ വ്യത്യാസം അനുസരിച്ചാണ് രക്ത ചന്ദ്രന്‍ ദൃശ്യമാകുക. ഈ പ്രതിഭാസം 65 മിനുട്ടോളം നീണ്ടു നില്‍ക്കും.
ചുവപ്പ്, ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറത്തിലാണ് ചന്ദ്രന്‍ ദൃശ്യമാകുക. പൂര്‍ണ ചന്ദ്രഗ്രഹണത്തോട് അനുബന്ധിച്ചാണ് രക്ത ചന്ദ്രന്‍ പ്രതിഭാസം. ചന്ദ്ര ഗ്രഹണം പകലായതിനാല്‍ ഇന്ത്യയില്‍ ഇത് ദൃശ്യമാകില്ല. വടക്ക്, തെക്ക് അമേരിക്ക, പടിഞ്ഞാറന്‍ ആഫ്രിക്ക, പടിഞ്ഞാറന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ രക്ത ചന്ദ്രനെ കാണാനാകും.
എന്താണ് രക്ത ചന്ദ്രന്‍
ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പൂര്‍ണമായും മറയ്ക്കുന്ന സമയത്താണ് ചന്ദ്രഗ്രഹണം. ഈ സമയത്ത് ചന്ദ്രന്‍ പൂര്‍ണമായും അദൃശ്യമാകുകയാണ് വേണ്ടത്. എന്നാല്‍ ഭൂമിയുടെ നിഴലിലാകുന്ന ചന്ദ്രൻ മങ്ങിയ ചുവപ്പ് നിറത്തില്‍ ദൃശ്യമാകുന്നതിനെയാണ് രക്ത ചന്ദ്രന്‍ എന്നു വിളിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷം കാരണമാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.
ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നു പോകുന്ന സൂര്യപ്രകാശത്തിന്റെ കുറച്ചു ഭാഗം അപവര്‍ത്തനത്തിനും വിസരണത്തിനും വിധേയമായി ഭൂമിയുടെ നിഴല്‍ ഭാഗത്തേക്ക് വളഞ്ഞ് ചന്ദ്രനില്‍ പതിക്കുന്നു. ഈ രശ്മികള്‍ അവിടെ നിന്ന് പ്രതിഫലിച്ച് വീണ്ടും ഭൂമിയില്‍ പതിക്കുമ്പോഴാണ് ചന്ദ്രമുഖം നമുക്ക് ദൃശ്യമാകുന്നത്.
എന്നാല്‍ ദൃശ്യ പ്രകാശത്തിലെ തരംഗദൈര്‍ഘ്യം കുറഞ്ഞ വര്‍ണങ്ങളായ വയലറ്റ്, നീല, പച്ച നിറങ്ങള്‍ ഏതാണ്ട് പൂര്‍ണമായും വിസരണത്തിന് വിധേയമായി ഭൂമിയില്‍ നിന്ന് ചന്ദ്രനില്‍ പതിക്കാതെ പോകുന്നു. ആ നിറങ്ങള്‍ തിരികെ എത്തുന്നില്ല.
തരംഗ ദൈര്‍ഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് നിറങ്ങള്‍ മാത്രം ചന്ദ്രനില്‍ നിന്നും പ്രതിഫലിച്ച് എത്തുമ്പോള്‍ ചുവന്ന നിറത്തിലുള്ള ചന്ദ്രനെ നാം കാണുന്നു.