Zygo-Ad

അറക്കല്‍ കൊട്ടാരം നവീകരിക്കാൻ ഏഴ് കോടിയുടെ പദ്ധതി

 


കണ്ണൂർ :അറക്കല്‍ കൊട്ടാരത്തിന്റെ പഴയ ദര്‍ബാര്‍ ഹാള്‍ അടക്കമുള്ള ഭാഗങ്ങള്‍ നവീകരിക്കാന്‍ തീരുമാനം. രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ അറക്കല്‍ മ്യൂസിയം ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.വരും തലമുറക്ക് ഭൂതകാല ചരിത്രമറിയാന്‍ ചരിത്രരേഖകളും സ്മാരകങ്ങളുമെല്ലാം സംരക്ഷിക്കപ്പെടണമെന്ന് മന്ത്രി പറഞ്ഞു. അറക്കല്‍ കൊട്ടാരത്തിന്റെ പാരമ്ബര്യം കാത്തുസൂക്ഷിക്കാനും ചരിത്ര സൂക്ഷിപ്പുകള്‍ സംരക്ഷിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നവീകരണ പ്രവൃത്തികള്‍ കാലതാമസം കൂടാതെ പൂര്‍ത്തീകരിക്കണമെന്ന് പുരാവസ്തു വകുപ്പ്, കെ ഐ ഐ ഡി സി അധികൃതര്‍ എന്നിവര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട വകുപ്പുകള്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത് പരിശോധിക്കാന്‍ മന്ത്രി ജില്ലാ കളക്ടറോട് നിര്‍ദേശിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴ് കോടിയോളം രൂപയാണ് നവീകരണത്തിനായി നീക്കിവച്ചിട്ടുളളത്. അറക്കല്‍ കൊട്ടാരത്തിന്റെ അറക്കല്‍ മ്യൂസിയം സംരക്ഷിത പൈതൃക കേന്ദ്രമാക്കി മാറ്റിയത് പുരാവസ്തു പുരാരേഖ വകുപ്പാണ്. തലശ്ശേരി പൈതൃക ടൂറിസം പ്രൊജക്ടിലെ മറ്റൊരു പദ്ധതിയായ ഊര്‍പ്പഴശ്ശി കാവിന്റെ പ്രവൃത്തി 90 ശതമാനത്തോളം പൂര്‍ത്തിയായതായി മന്ത്രി അറിയിച്ചു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി. ശ്രീകുമാര്‍, പഴശ്ശിരാജ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം കോഴിക്കോട് ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ. കൃഷ്ണരാജ്, കെ.ഐ.ഐ.ഡി.സി പ്രതിനിധി എന്‍.ടി ഗംഗാധരന്‍, അറക്കല്‍ കൊട്ടാരത്തിന്റെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തിന് മുന്നോടിയായി മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം അറക്കല്‍ കൊട്ടാരത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു.

വളരെ പുതിയ വളരെ പഴയ