പ്രമേഹചികിത്സയില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന മരുന്ന് ഏറ്റവും വില കുറച്ച് വാങ്ങാനുള്ള അവസരം. ജര്‍മന്‍ മരുന്ന് കമ്പനിയായ ബറിങ്ങര്‍ ഇങ്ങല്‍ഹൈം വികസിപ്പിച്ച എംപാഗ്ലിഫോസിന്‍ എന്ന മരുന്നാണ് വിപണിയിലേക്ക് വിലക്കുറവില്‍ എത്തുന്നത്. എംപാഗ്ലിഫോസിന്റെ മേലുള്ള പേറ്റന്റിന്റെ കാലാവധി മാര്‍ച്ച് 11ന് അവസാനിച്ചിരുന്നു. ഇതോടെ മരുന്നിന്റെ ജനറിക് പതിപ്പ് വിപണിയിൽ എത്തി തുടങ്ങി. ഇന്ത്യന്‍ ഔഷധ വിപണിയിലെ വമ്പന്മാരായ മാന്‍കൈന്‍ഡ് ഫാര്‍മ, ലൂപിന്‍, ആല്‍കെം ലബോറട്ടറീസ്, ഗ്ലെന്‍മാര്‍ക്ക് തുടങ്ങിയ കമ്പനികളാണ് മരുന്നിന്റെ ജനറിക് പതിപ്പ് വിപണിയിൽ എത്തിക്കുന്നത്.
എംപാഗ്ലിഫോസിന്റെ 10 മില്ലി ഗ്രാമിന്റെ ഒരു ടാബ്‌ലറ്റിന് മുമ്പ് ഇന്ത്യയില്‍ 60 രൂപയോളം ആയിരുന്നു വില. പേറ്റന്റ് അവസാനിച്ചതോടെ ഇത് ആറ് രൂപയില്‍ താഴെ ലഭിക്കാനുള്ള വഴിയാണ് തുറന്ന് കിട്ടിയത്. ഇതിന്റെ 25 മില്ലിഗ്രാം ടാബ്ലറ്റിന് 10 രൂപയോളം മാത്രമാണ് പുതിയ വില. മുമ്പ് മരുന്നിന് നല്‍കേണ്ടി വന്നിരുന്ന തുകയുടെ പത്തിൽ ഒന്നായി കുറയുമെന്ന് സാരം.