പതിനഞ്ചുവര്‍ഷം പഴക്കമുള്ള വാഹനം മിനുക്കി പുതുക്കാനുള്ള ഫീസ് കുത്തനെ ഉയര്‍ത്താന്‍ തീരുമാനം. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഇരുചക്രവാഹനത്തിന്റേത് 300 രൂപയില്‍നിന്ന് ആയിരവും കാറുകളുടേത് 600-ല്‍നിന്ന് 5000-വും ആക്കാനാണ് കരട് വിജ്ഞാപനം. തുക വര്‍ധിപ്പിച്ചുള്ള ഉത്തരവ് മന്ത്രാലയം നേരത്തേ ഇറക്കിയിരുന്നു. എന്നാല്‍ അത് ഹൈക്കോടതി മരവിപ്പിച്ചതിനെ തുടർന്ന് നിലവിൽ തുക വാങ്ങുന്നിലായിരുന്നു. കേന്ദ്ര മോട്ടോര്‍വാഹനചട്ടത്തിലെ 81-ാം വകുപ്പ് പ്രകാരമാണ് വര്‍ധിപ്പിച്ചത്.പിസി ന്യൂസ്,
ഏപ്രില്‍ ഒന്നുമുതല്‍ ഈ വര്‍ധന നിലവില്‍വരുമെന്നാണ് സൂചന. നിലവില്‍ 15 വര്‍ഷം കഴിഞ്ഞുള്ള വാഹനങ്ങള്‍ പുതുക്കുമ്പോഴും വില്‍പ്പന നടത്തുമ്പോഴും മോട്ടോര്‍വാഹനവകുപ്പ് സത്യവാങ്മൂലം വാങ്ങുന്നുണ്ട്. ‘കോടതി സ്റ്റേ ഉള്ളതിനാല്‍ നിലവില്‍ ഈ തുക വാങ്ങിക്കുന്നില്ല. ഉത്തരവ് നീങ്ങിയാല്‍ വര്‍ധിപ്പിച്ച തുക നല്‍കാന്‍ ബാധ്യസ്ഥനാണ്’- എന്നാണ് എഴുതി വാങ്ങിക്കുന്നത്. 15 വര്‍ഷം പഴക്കമുള്ള ഇരുചക്ര, സ്വകാര്യ നാലുചക്ര വാഹനങ്ങള്‍ പുതുക്കുമ്പോൾ റോഡ് നികുതി കൂട്ടുമെന്ന് സംസ്ഥാനസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ നല്‍കുന്ന റോഡ് നികുതിയുടെ പകുതി തുക കൂടി അധികം നല്‍കണം. അതിനൊപ്പം കേന്ദ്രത്തിന്റെ പുതിയ പുതുക്കല്‍ ഫീസും വരുന്നതോടെ പഴയ വാഹനങ്ങള്‍ റോഡില്‍നിന്ന് മായുമെന്നാണ് കണക്ക് കൂട്ടുന്നത്.
15 വര്‍ഷത്തിനുശേഷം അഞ്ചുവര്‍ഷത്തേക്കാണ് സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നത്. അറ്റകുറ്റപ്പണി, പെയിന്റിങ് അടക്കം നല്ലൊരു തുക ചെലവഴിച്ചാണ് ഉടമ അത് പുതുക്കാനായി ഹാജരാക്കേണ്ടത്. മിനുക്കിയ ഇരുചക്രവാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ രജിസ്ട്രേഷന്‍ പുതുക്കുമ്പോള്‍ റോഡ് നികുതി നിലവിലെ 900 രൂപ എന്നതിന് പകരം 1350 രൂപ അടയ്ക്കണം. കാറുകള്‍ക്ക് അതിന്റെ ഭാരത്തിനനുസരിച്ച് നിലവിലുള്ള തുകയുടെ പകുതി വില കൂടി അധികം നല്‍കണം. അതായത് 6400 രൂപയാണ് അടക്കുന്നതെങ്കില്‍ 9600 രൂപയാകും.