Zygo-Ad

ഇന്ന് മുതൽ നിരാഹാര സമരം; സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം കടുപ്പിച്ച് ആശ വർക്കർമാർ


 ഇന്ന് മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരമിരിക്കാൻ ആശ വർക്കർമാർ. 11 മണിക്കാണ് നിരാഹാര സമരം ആരംഭിക്കുക. ആദ്യഘട്ടത്തിൽ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായി മൂന്ന് ആശ വർക്കർമാരാണ് ഇന്ന് മുതൽ നിരാഹാരമിരിക്കുക. എ എം ബിന്ദു, തങ്കമണി, ഷീജ എന്നിവരാണ് ഇന്ന് നിരാഹാരമിരിക്കുന്നത്.

മന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ സമരം കടുപ്പിക്കാൻ ആണ് ആശ വർക്കർമാരുടെ തീരുമാനം. ഓണറേറിയം 21000 രൂപയാക്കി വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം ആയി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ തീരുമാനമാകാതെ പിന്നോട്ടില്ല എന്നാണ് ആശാവർക്കർമാരുടെ നിലപാട്. രണ്ടാംഘട്ട സമരത്തിന് നിരവധി ആശാ പ്രവർത്തകർ എത്തുമെന്നാണ് സമരസമിതിയുടെ കണക്കുകൂട്ടൽ. അതേസമയം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഡൽഹിയിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തും.

ആശ വർക്കർമാരുടെ ഇൻസെന്റീവ് വർദ്ധിപ്പിക്കുന്ന കാര്യം കേന്ദ്രമന്ത്രിയോട് ആവശ്യപ്പെടും. കഴിഞ്ഞദിവസം ആശ വർക്കർമാരുമായി നടന്ന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. സമാധാനപരമായി തന്നെ ഈ സമരം മുന്നോട്ട് കൊണ്ട് പോകാനാണ് തങ്ങളുടെ തീരുമാനമെന്നും ആശമാർ പറഞ്ഞു

വളരെ പുതിയ വളരെ പഴയ