മലപ്പുറം: വളാഞ്ചേരിയിലെ ലഹരി സംഘങ്ങള്‍ക്കിടയിലെ എച്ച്‌ഐവി വ്യാപനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ബ്രൗണ്‍ ഷുഗറിന്റെ വകഭേദമായ ടോമ എന്ന ലഹരിയാണ് വളാഞ്ചേരിയില്‍ വ്യാപകമായി വില്‍ക്കപ്പെടുന്നത്.
സിറിഞ്ച് ഉപയോഗിച്ച് ശരീരത്തില്‍ നേരിട്ട് കുത്തിവെക്കുന്ന ഇവയില്‍ മാരക മയക്കുമരുന്നിന്റെ വിഭാഗത്തില്‍പ്പെടുന്നവയാണ്.
വളാഞ്ചേരി നഗര മദ്ധ്യത്തില്‍ പോലും ഇവ സുലഭമാണ്. ലഹരി വിതരണക്കാരില്‍ മിക്കവരും ഇതര സംസ്ഥാന തൊഴിലാളികളാണ്.
മില്ലി ഗ്രാമിന് ആയിരങ്ങളാണ് വില. ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാർക്കുന്ന പെരുമ്പാവൂരില്‍ നിന്നാണ് ഇത് പ്രദേശത്ത് എത്തുന്നതെന്നാണ് വിവരം.
ചെറിയ കുപ്പികളില്‍ ലഭിക്കുന്ന ടോമ വെള്ളത്തില്‍ ലയിപ്പിച്ച് സിറിഞ്ചില്‍ നിറച്ചാണ് ശരീരത്തില്‍ കുത്തിവെക്കുന്നത്. വില്‍പ്പനക്കാർ ഒറ്റ സിറിഞ്ച് തന്നെ പത്തും പതിനഞ്ചും പേർക്ക് ഉപയോഗിക്കാൻ നല്‍കുമെന്നാണ് വിവരം.
അതിനാല്‍ തന്നെ വളാഞ്ചേരിയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ട്.
അതേ സമയം വളാഞ്ചേരിയില്‍ എച്ച്‌ഐവി സ്ഥിരീകരിച്ച സംഭവത്തില്‍ തുടർ പ്രവർത്തനങ്ങള്‍ പ്രതിസന്ധിയിലാണ്. രോഗം സ്ഥിരീകരിച്ചവർ ആരോഗ്യ വകുപ്പുമായി സഹകരിക്കാത്തതാണ് പ്രശ്നം.
എച്ച്‌ഐവി സ്ഥിരീകരിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രദേശം വിട്ടു പോയതായും സംശയമുണ്ട്. മലയാളി യുവാക്കള്‍ ആരോഗ്യ പ്രവർത്തകരുമായി സംസാരിക്കാൻ തയ്യാറാകുന്നില്ല.
ലഹരി സംഘത്തിലെ പതിനഞ്ച് പേരെ പരിശോധിച്ചതില്‍ 10 പേർക്ക് രോഗം സ്ഥിരീകരിച്ചതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. മലപ്പുറം ജില്ലയില്‍ സമാനരീതിയില്‍ രോഗ വ്യാപനം ഉണ്ടോ എന്ന സംശയവും ജില്ല മെഡിക്കല്‍ ഓഫീസർ പങ്കു വെച്ചിരുന്നു.