മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്കൂള്‍ വിദ്യാർഥികള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ മൂന്ന് കുട്ടികള്‍ക്ക് കുത്തേറ്റു.
പെരിന്തല്‍മണ്ണ താഴേക്കോട് പിടിഎം ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാർഥികള്‍ ഏറ്റുമുട്ടിയത്.
കുട്ടികളുടെ തലയ്ക്കും കൈയ്ക്കുമാണ് പരിക്കേറ്റത്. രണ്ടുപേരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാളെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നുപേർക്കും സാരമായ പരിക്കുണ്ടെന്നാണ് അറിയുന്നത്.
സ്കൂളിലെ ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാർഥികള്‍ക്കിടയില്‍ നേരത്തെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ സസ്പെൻഷൻ നേരിട്ട വിദ്യാർഥി വെള്ളിയാഴ്ച പരീക്ഷയെഴുതാൻ സ്കൂളില്‍ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. നടപടി നേരിട്ട ഈ വിദ്യാർഥി പരീക്ഷ എഴുതാൻ മാത്രമാണ് സ്കൂളില്‍ എത്തിയിരുന്നത്.
പരീക്ഷ കഴിഞ്ഞ ശേഷം മൂർച്ചയേറിയ വസ്തു ഉപയോഗിച്ച് ഈ വിദ്യാർഥി മൂന്ന് കുട്ടികളെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. നേരത്ത ആക്രമണ സ്വഭാവം കാണിച്ചതിനാല്‍ ഈ വിദ്യാർഥിയെ പോലീസ് താക്കീത് ചെയ്തതായും വിവരങ്ങളുണ്ട്.