Zygo-Ad

പുതിയ സംസ്ഥാന പോലീസ് മേധാവി; കേന്ദ്രാനുമതി തേടിയുള്ള പട്ടികയിൽ എം ആർ അജിത് കുമാറിൻ്റെ പേരും

 


സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്രാനുമതിക്കായി അയച്ച് സർക്കാർ.പട്ടികയില്‍ ബറ്റാലിയന്‍ എഡിജിപി എം ആര്‍ അജിത് കുമാറും ഉൾപ്പെട്ടിട്ടുണ്ട്. ആറ് പേര്‍ അടങ്ങുന്ന പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് അയച്ചത്.

മുന്‍ എംഎല്‍എ പി.വി. അന്‍വറിൻ്റെ ആരോപണത്തില്‍ അന്വേഷണം നേരിടുന്ന എം.ആര്‍. അജിത് കുമാറും പട്ടികയിലുണ്ടെന്നത് ശ്രദ്ധേയമാണ്. റോഡ് സേഫ്റ്റി കമ്മീഷണര്‍ നിധിന്‍ അഗര്‍വാളാണ് പട്ടികയില്‍ ഏറ്റവും സീനിയര്‍. ഇന്‍റലിജന്‍സ് ബ്യൂറോ അഡിഷണല്‍ ഡയറക്ടര്‍ റവാഡ ചന്ദ്രശേഖര്‍, വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത, ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, എസ്പിജി അഡിഷണല്‍ ഡയറക്ടര്‍ സുരേഷ് രാജ് പുരോഹിത് എന്നിവര്‍ പട്ടികയിലുണ്ട്.

 നിലവിലെ സംസ്ഥാന പോലീസ് മേധാവിയായ ഷേഖ് ദര്‍വേസ് സാഹിബ് ജൂണ്‍ മാസമാണ് വിരമിക്കുന്നത്. അതിനാല്‍ പുതിയ പോലീസ് മേധാവി സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിക്കുന്ന ആറുപേരുടെ പട്ടികയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് കേന്ദ്രാനുമതിക്കായി അയച്ചത്. 30 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് തയ്യാറാക്കിയത്. ഇതില്‍ മൂന്ന് പേര്‍ക്ക് കേന്ദ്രം അനുമതി നല്‍കും.

പി വി അന്‍വറിന്‍റെ വെളിപ്പെടുത്തതിലൂടെ എം ആര്‍ അജിത് കുമാര്‍ വിവാദത്തില്‍ അകപ്പെട്ടിരുന്നു. എം ആര്‍ അജിത് കുമാര്‍ കൊടും ക്രിമിനലെന്നായിരുന്നു പി വി അന്‍വര്‍ ആരോപിച്ചത്. അജിത് കുമാര്‍ അനധികൃത സ്വത്തുസമ്പാദനം നടത്തിയതായും അന്‍വര്‍ ആരോപിച്ചിരുന്നു. തൃശൂര്‍പൂരം കലക്കല്‍ വിവാദത്തിലും എം ആര്‍ അജിത് കുമാറിന്‍റെ പേര് ഉയര്‍ന്നുകേട്ടിരുന്നു

വളരെ പുതിയ വളരെ പഴയ