Zygo-Ad

തിരുവനന്തപുരം-കണ്ണൂര്‍ മൂന്ന് മണിക്കൂറില്‍! മെട്രോമാന്റെ സെമി ഹൈസ്പീഡ് റെയില്‍ പ്ലാന്‍ പഠിക്കാന്‍ സര്‍ക്കാര്‍, ഒരുലക്ഷം കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷ

 


കണ്ണൂർ: തിരുവനന്തപുരത്തെയും കാസര്‍ഗോഡിനെയും ബന്ധിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍പാതക്ക് ബദലുമായി മെട്രോമാന്‍ ഇ.ശ്രീധരന്‍.

സില്‍വര്‍ ലൈന്‍ മാതൃകയില്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടില്‍ അതി വേഗ റെയില്‍പാത സ്ഥാപിക്കാമെന്നാണ് ശ്രീധരന്റെ നിര്‍ദ്ദേശം. ഇതിന്റെ സാധ്യത പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. 

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പില്‍ സെക്രട്ടറി കെ.എം എബ്രഹാം, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ഇ.ശ്രീധരന്റെ വീട്ടിലെത്തി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരിന് ഇ.ശ്രീധരന്റെ നിര്‍ദ്ദേശത്തോട് താത്പര്യമുണ്ടെന്നാണ് വിവരം.

200 കിലോമീറ്റര്‍ വേഗം, 15 സ്‌റ്റേഷനുകള്‍

തിരുവനന്തപുരത്ത് നിന്നും കണ്ണൂര്‍ വരെയുള്ള 420 കിലോ മീറ്റര്‍ ദൂരത്തിലാണ് ആദ്യം റെയില്‍പാത സ്ഥാപിക്കുന്നത്. 

പിന്നീട് മറ്റിടങ്ങളിലേക്ക് നീട്ടാവുന്നതാണ്. 25-30 കിലോ മീറ്റര്‍ പരിധിയില്‍ സ്റ്റേഷനുകളുണ്ടാകും. ആകെ 15 സ്റ്റേഷനുകള്‍. സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ പരമാവധി വേഗം മണിക്കൂറില്‍ 200 കിലോ മീറ്റര്‍. 

150 കിലോ മീറ്റര്‍ വേഗത കൈവരിക്കാനായാല്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലെത്താം. മണിക്കൂറില്‍ 135 കിലോ മീറ്റര്‍ വേഗമാണെങ്കില്‍ 3.15 മണിക്കൂര്‍ വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

15-30 മിനിറ്റ് ഇടവേളയില്‍ ഇരു ദിശകളിലേക്കും ട്രെയിന്‍ സര്‍വീസുണ്ടാകും. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാതെയും യാത്ര ചെയ്യാമെന്നതാണ് ഇത്തരം ട്രെയിനുകളുടെ പ്രത്യേകത.

ഒരു ലക്ഷം കോടി രൂപ ചെലവ്, 5 വര്‍ഷം കൊണ്ട് പൂര്‍ത്തിയാകും

പതിനായിരങ്ങളെ കുടിയൊഴിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരം തൂണുകളിലും തുരങ്ക പാതയിലൂടെയും അതിവേഗ റെയില്‍ സാധ്യമാക്കാനാണ് ഇ.ശ്രീധരന്റെ പദ്ധതി. എലവേറ്റഡ് തൂണുകളിലൂടെയുള്ള പാതക്ക് ഭൂമിയേറ്റെടുക്കലിന്റെ ആവശ്യം വരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 

ഒരു കിലോ മീറ്ററിന് 200 കോടിയെങ്കിലും ചെലവാകും. പദ്ധതിക്ക് ആകെ ഒരു ലക്ഷം കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്നു. 

പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറാക്കുന്ന ചുമതല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെയോ ഇന്ത്യന്‍ റെയില്‍വേയോ ഏല്‍പ്പിക്കണമെന്നാണ് ശ്രീധരന്റെ ആവശ്യം. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ എട്ട് മാസങ്ങള്‍ക്കുള്ളില്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയ്യാറാക്കാമെന്നാണ് ശ്രീധരന്‍ പറയുന്നത്.

പണമെങ്ങനെ കണ്ടെത്തും?

കൊങ്കണ്‍ റെയില്‍വേ മാതൃകയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ച്‌ പദ്ധതിക്ക് വേണ്ട ഫണ്ട് കണ്ടെത്താമെന്നാണ് നിര്‍ദ്ദേശം. 

റെയില്‍വേക്കും കേന്ദ്ര സര്‍ക്കാരിനും 51 ശതമാനവും കേരളത്തിന് 49 ശതമാനവും വിഹിതമായിരിക്കും ഇതിലുണ്ടാവുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 30,000 കോടി രൂപ വീതം കണ്ടെത്തണം. ബാക്കി 40,000 കോടി രൂപ വായ്പാ വിഹിതമായി കണ്ടെത്താനാണ് ധാരണ. 

നേരത്തെ ഇ.ശ്രീധരന്‍ തയ്യാറാക്കി നല്‍കിയ തിരുവനന്തപുരം-കാസര്‍ഗോഡ് അതിവേഗ റെയില്‍ പദ്ധതിക്ക് വേണ്ടി ഭൂമിയേറ്റെടുക്കല്‍ സര്‍വേ ആരംഭിച്ചത് കേരളത്തില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. തുടര്‍ന്ന് പദ്ധതിയില്‍ നിന്നും തത്കാലം സംസ്ഥാന സര്‍ക്കാര്‍ പിന്മാറി.

ഇക്കുറി സമവായത്തിന്റെ പാതയില്‍

അതേ സമയം, അതിവേഗ റെയില്‍ പദ്ധതിക്ക് പിന്തുണയുമായി ഇ.ശ്രീധരന്‍ രംഗത്ത് വന്നത് സംസ്ഥാനത്തിന്റെ റെയില്‍വേ സ്വപ്‌നങ്ങള്‍ക്ക് പുതിയ പ്രതീക്ഷയാണ്. കെ-റെയില്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ പദ്ധതി. 

ഇത്തവണ ഡി.എം.ആര്‍.സിയെ മുന്നില്‍ നിറുത്തി കരുക്കള്‍ നീക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ബി.ജെ.പി ബന്ധമുള്ള ഇ.ശ്രീധരന്‍ പദ്ധതി നയിച്ചാല്‍ കേന്ദ്ര അനുമതി ഉള്‍പ്പെടെ വേഗത്തില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. 

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടക്ക കാലത്ത് നടന്ന മഞ്ഞകുറ്റി സമരം സര്‍ക്കാരിന് മുന്നില്‍ പാഠമായുണ്ട്. അതു കൊണ്ട് പ്രതിപക്ഷ പാര്‍ട്ടികളെ പ്രകോപിപ്പിക്കാതെ സമയവായത്തിന്റെ പാതയിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്നാണ് സൂചന.

വളരെ പുതിയ വളരെ പഴയ