തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ രണ്ട് കിണറുകളും മാലിന്യ കൂമ്പാരത്തില്‍.
പൈപ്പുകളിട്ട് വെള്ളം പമ്പു ചെയ്യുന്ന രണ്ട് കിണറുകളുടെയും അവസ്‌ഥ അതീവ ഗുരുതരമാണ്. ആശുപത്രിക്ക് പിറകിലെ ഈ കിണറുകള്‍ വൃത്തിയാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ നിലയിലാണ്. ഒരു കിണര്‍ കാടു മൂടിയതാണെങ്കില്‍ രണ്ടാമത്തേത് വെള്ളത്തില്‍ മാലിന്യങ്ങള്‍ നിറഞ്ഞ അവസ്‌ഥയിലാണ്.
മാടപ്രാവുകളുടെ കാഷ്‌ഠം നിറഞ്ഞു നില്‍ക്കുന്ന കിണറില്‍ നിന്നും ദുര്‍ഗന്ധവും പുറത്തു വരുന്നുണ്ട്. വര്‍ഷത്തില്‍ ഒരു തവണയെങ്കിലും കിണറുകള്‍ ശുചീകരിക്കാന്‍ സാധാരണക്കാര്‍,ക്ക് നിര്‍ദ്ദേശം നല്‍കുന്ന ആരോഗ്യ വകുപ്പാണ് ഇത്തരത്തില്‍ കൊടും അനാസ്‌ഥ കാണിക്കുന്നത്.
അടുത്തിടെ തളിപ്പറമ്പ് നഗരത്തില്‍ മഞ്ഞപ്പിത്ത ബാധയുണ്ടായപ്പോള്‍ ആരോഗ്യ വിഭാഗം കിണറുകള്‍ വ്യാപകമായി പരിശോധിച്ചിരുന്നുവെങ്കിലും നൂറുകണക്കിന് രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപത്രിയിലെ കിണറുകള്‍ ഒരു വിധത്തിലും പരിശോധിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഈ ദയനീയമായ അവസ്‌ഥ.
ആശുപത്രിയുടെ പിറകു ഭാഗം കാല്‍നട പോലും സാധിക്കാത്ത വിധത്തില്‍ കാടു കയറിക്കിടക്കുന്നതിനാല്‍ കിണറുകള്‍ ആരും തന്നെ ശ്രദ്ധിക്കാത്ത നിലയിലാണ്.
രോഗം പരത്തുന്ന ഈ കിണറുകള്‍ അടിയന്തിരമായി ശുചീകരിച്ച ശേഷം മാത്രമേ വെള്ളം പമ്പു ചെയ്യാന്‍ പാടുള്ളൂ എന്നിരിക്കെ അതൊക്കെ കാറ്റില്‍ പറത്തിയാണ് ഒരു ആരോഗ്യ സ്‌ഥാപനത്തില്‍ മലിന ജലം വിതരണം ചെയ്യുന്നത്.