Zygo-Ad

സൈനികന്റെ മരണം ലോക്കപ്പ്‌ മര്‍ദനം മൂലമെന്നു മാതാവ്‌: മുഖ്യമന്ത്രിക്കും ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കും പരാതി നൽകി

 


കൊല്ലം: സൈനികനായ മകന്റെ മരണം ലോക്കപ്പ്‌ മര്‍ദനം മൂലമെന്ന്‌ മാതാവ്‌ പത്ര സമ്മേളനത്തില്‍ ആരോപിച്ചു. സിക്കിം യൂണിറ്റില്‍ ഉള്‍പ്പെട്ട മദ്രാസ്‌ എന്‍ജിനീയറിങ്‌ ഗ്രൂപ്പിലെ സൈനികന്‍ കുണ്ടറ മുളവന സാജന്‍ കോട്ടേജില്‍ തോംസണ്‍ തങ്കച്ച(32)നാണ്‌ മരിച്ചത്‌.

മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്കും ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കും പരാതി നല്‍കിയെന്ന്‌ മാതാവ്‌ ഡെയ്‌സി മോള്‍ (60) പറഞ്ഞു.

സ്‌ത്രീധന പീഡനമെന്ന്‌ ഭാര്യയുടേയും ഭാര്യാ വീട്ടുകാരുടെയും പരാതിയിലാണ്‌ കഴിഞ്ഞ ഒക്‌ടോബര്‍ 11ന്‌ രാത്രി 11ന്‌ ഭാര്യാ വീട്ടില്‍ നിന്ന്‌ കുണ്ടറ പോലീസ്‌ തോംസന്‍ തങ്കച്ചനെ കസ്‌റ്റഡിയിലെടുത്തത്‌. സ്‌റ്റേഷനിലേക്ക്‌ കൊണ്ടു പോയ മകനെ പോലീസ്‌ ക്രൂരമായി മര്‍ദിച്ചുവെന്നു ഡെയ്‌സി മോള്‍ ആരോപിച്ചു. 

പിന്നീട്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. റിമാന്‍ഡ്‌ കാലാവധി കഴിഞ്ഞ്‌ വീട്ടിലെത്തിയ മകന്‍ കഴിഞ്ഞ ഡിസംബര്‍ 27നാണ്‌ വീട്ടില്‍ മരിച്ചത്‌. 

പോലീസ്‌ ഉദ്യോഗസ്‌ഥര്‍ സ്‌റ്റേഷനില്‍ കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചുവെന്നും വിവരം കോടതിയെ അറിയിച്ചാല്‍ ജോലി ഇല്ലാതാക്കുമെന്നും കള്ളക്കേസുകളില്‍ കുടുക്കുമെന്നും പറഞ്ഞ്‌ പോലീസ്‌ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി ശിക്ഷ കഴിഞ്ഞു വീട്ടിലെത്തിയ മകന്‍ തന്നോട്‌ പറഞ്ഞിരുന്നു. 

സൈനികനെ അറസ്‌റ്റ് ചെയ്‌തുവെന്ന വിവരം ആര്‍മി കമാന്‍ഡറെ അറിയിച്ചത്‌ സംഭവം നടന്ന്‌ ആറ്‌ ദിവസങ്ങള്‍ക്കു ശേഷമാണ്‌. ഒരു സൈനികനെ അറസ്‌റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട യാതൊരു നടപടി ക്രമങ്ങളും സുപ്രീം കോടതിയുടെ നിര്‍ദേശങ്ങളും കുണ്ടറ പോലീസ്‌ പാലിച്ചില്ല. 

മകന്‍ പോലീസ്‌ കസ്‌റ്റഡിയിലായ വിവരം താന്‍ അറിയുന്നതും ദിവസങ്ങള്‍ക്കു ശേഷമാണെന്ന്‌ ഡെയ്‌സി മോള്‍ പറഞ്ഞു. 

വീട്ടിലെത്തിയ മകന്‌ കടുത്ത ശാരീരിക അസ്വസ്‌ഥതകള്‍ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന്‌ കുണ്ടറയിലെ ആശുപത്രിയിലും പിന്നീട്‌ മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും ചികിത്സ തേടി. നട്ടെല്ലിന്‌ താഴെയുണ്ടായ മുഴ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും ചെയ്‌തു. 

വീട്ടിലെത്തി വിശ്രമത്തിലായിരുന്ന മകന്‍ ഡിസംബര്‍ 27ന്‌ പുലര്‍ച്ചെ മരിച്ചു. 28ന്‌ പെരുമ്പുഴ പള്ളി സെമിത്തേരിയില്‍ സൈനിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകളും നടത്തി. പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മകന്റെ ആന്തരികാവയവങ്ങള്‍ക്ക്‌ ഗുരുതരമായ ക്ഷതം ഏറ്റിട്ടുണ്ടെന്ന്‌ പറയുന്നു.

 രാസ പരിശോധന ഫലം കൂടി വരാനുണ്ട്‌. അവധിക്ക്‌ നാട്ടിലെത്തിയ മകന്‍ ഭാര്യാ വീട്ടിലാണ്‌ താമസിച്ചിരുന്നത്‌. മകന്റേത്‌ പ്രണയ വിവാഹമായിരുന്നു. 

പിന്നീട്‌ ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ പല അസ്വാരസ്യങ്ങള്‍ ഉണ്ടായി. സ്‌ത്രീധന പീഡന പരാതി വ്യാജമാണെന്നും ഡെയ്‌സി മോള്‍ പറഞ്ഞു. പോലീസിന്റെ കൊടിയ മര്‍ദനമാണ്‌ മകന്റെ മരണത്തിന്‌ കാരണമായത്‌. 

ഒരു സൈനികന്‍ മരണപ്പെട്ടിട്ടും നാളിതുവരെ സ്‌ഥലം എം.എല്‍.എ. ഈ സംഭവത്തെ പറ്റി അന്വേഷിക്കാന്‍ തന്റെ വീട്ടില്‍ എത്തിയില്ലെന്നും ഡെയ്‌സി മോള്‍ പറഞ്ഞു. പോലീസീന്റെ നടപടിയെപ്പറ്റി അന്വേഷിച്ച്‌ യഥാര്‍ഥ കുറ്റവാളികളെ പുറത്ത്‌ കൊണ്ടു വരണമെന്ന്‌ ഡെയ്‌സി മോള്‍ ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ