Zygo-Ad

അരയിടത്തു പാലം ബസ് അപകടത്തില്‍ ഒരാള്‍ മരിച്ച സംഭവം; സ്വകാര്യ ബസ് ഡ്രൈവര്‍ കസ്റ്റഡിയില്‍


കോഴിക്കോട്: കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തില്‍ കേസെടുത്ത് മെഡിക്കല്‍ കോളേജ് പൊലീസ് ബസ് ഡ്രൈവര്‍ കസ്റ്റഡിയിലെടുത്തു.

കൊണ്ടോട്ടിയിലെ ആശുപത്രിയില്‍ നിന്നാണ് മുഹമ്മദ് ജംഷീറിനെ കസ്റ്റഡിയിലെടുത്തത്. അപകടത്തിന് പിന്നാലെ ഇയാള്‍ മറ്റൊരിടത്തേക്ക് മാറുകയായിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അലക്ഷ്യമായും അപകടം വരുത്തും വിധവും വാഹനം ഓടിച്ചെന്നാണ് കേസ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ്‌ സാനിഹ് ഇന്ന് മരിച്ചു. ബസിനു മുന്നിലുണ്ടായിരുന്ന ബൈക്കിലെ യാത്രക്കാരനായിരുന്നു സാനിഹ്. 

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ രാവിലെയാണ് മരണം. ഇന്നലെ വൈകിട്ട് നാലെ കാലോടെ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞാണ് അപകടം ഉണ്ടായത്. 50ല്‍ അധികം പേർക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു.

ഗുരുതരമായി പരിക്കേറ്റവർ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

പാളയം ബസ് സ്റ്റാൻഡില്‍ നിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സാണ് തലകീഴായി മറിഞ്ഞത്. ബസ് അതി വേഗതയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. 

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബേബി മെമ്മോറിയല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അയിഷാബി (60), സരള (58), പ്രബിത(40), അമീറ (37), ജുനൈദ് (25), അനിഷ (38), ഉണ്ണി (49), ദിഥി (33), റിഷാന (21), ലീല (56), ഹനീഷ (40), ഫാബിയ(16), മുസ്തഫ(19), ദിയ (20), ഫാത്തിമ സഫ (20), ഗാർഗി (35), ദിയ റഷീദ് (26), അംന (19), അമൃത (26), സീന(42), ലളിത (64), അലയ (22), ബാദിറാമു (74), ഷമ്മാസ് (74), വൈഷ്ണവി (19), നാസർ (53), ഹരിത(26), തസ്ലീന(47), ഓമന (46), ഇയ്യത്തുമ്മ (57), ഫാത്തിമ ഹെന (24), അക്ഷയ(22ന), അശ്വനി(24), ഫാത്തിമ (30), ഫസീല (34), ശ്രുതി (30), സരിത് കുമാർ (47), ജമീല (57), അബ്ദുല്‍ ഖാദർ (67), രജീഷ് (26) തുടങ്ങി നാല്‍പത്തിയൊന്നു പേരെയാണ് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഒൻപത് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.

ബസ് മറ്റൊരു വാഹനത്തില്‍ തട്ടി മീഡിയനില്‍ ഇടിച്ച്‌ മറിയുകയായിരുന്നുവെന്നാണ് ബസില്‍ യാത്രചെയ്ത ആളുകളില്‍ നിന്ന് ലഭിക്കുന്ന വിവരം. തെറ്റായ ദിശയില്‍ വന്ന രണ്ട് ബൈക്കുകളെ മറികടക്കാൻ ശ്രമിക്കവെയാണ് അപകടം നടന്നതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 

ബസ്സിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബസ്സിലെ ഡീസല്‍ റോഡിലേക്കൊഴുകിയിട്ടുണ്ട്.

അപകടം നടന്ന് ഉടൻതന്നെ പോലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി. അപകടം നടന്ന സ്ഥലത്തു നിന്ന് ബസ് മാറ്റുകയും ചെയ്തു.

വളരെ പുതിയ വളരെ പഴയ