Zygo-Ad

'ജയില്‍ ഡിഐജിയുമായി വഴിവിട്ട ബന്ധം; രാത്രി തിരിച്ചെത്തുന്നത് മണിക്കൂറുകള്‍ക്ക് ശേഷം' : ഷെറിനെക്കുറിച്ചുള്ള നിർണായക വെളിപ്പെടുത്തുകളുമായി സഹതടവുകാരി രംഗത്ത്


തിരുവനന്തപുരം: ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിനെതിരെ സഹതടവുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. തൃശൂർ സ്വദേശിനിയായ എം.എസ് സുനിതയാണ് ഭീഷണിയെ അവഗണിച്ച് വിവരങ്ങൾ പുറം ലോകത്തെ അറിയിച്ചത്.

2013-15 കാലത്ത് വധശ്രമക്കേസില്‍ ശിക്ഷ അനുഭവിക്കാനാണ് അട്ടക്കുളങ്ങര വനിത ജയിലില്‍ സുനിത എത്തിയത്. ഷെറിന്റെ തൊട്ടടുത്ത സെല്ലിലാണ് സുനിത കഴിഞ്ഞിരുന്നത്. ചില രാഷ്‌ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായും ഷെറിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പ്രതിവാര അഭിമുഖ പരിപാടിയായ മറുപടിയില്‍ സുനിത പറഞ്ഞു.

ഒന്നോ രണ്ടോ ജീവനക്കാർ ഒഴിച്ച്‌ ബാക്കിയെല്ലാവരും ഷെറിനില്‍ നിന്ന് മാസപ്പടി കൈപ്പറ്റിയിരുന്നുവെന്ന് സുനിത പറഞ്ഞു. അന്നത്തെ ജയില്‍ സൂപ്രണ്ടിന് ഐപാഡും എത്തിച്ച്‌ കൊടുത്തിട്ടുണ്ട്. ഷെറിൻ എന്ത് ആവശ്യപ്പെടുന്നുവോ അത് ജയിലിനുള്ളില്‍ എത്തിച്ചിരുന്നു. മൂന്ന് നേരവും പുറത്ത് നിന്നുള്ള ഭക്ഷണം ആയിരുന്നു. 

ഷെറിന് സഹായായി ഒരു തടവുകാരിയേയും ഏർപ്പെടുത്തിയിരുന്നു. ഇവരാണ് ഷെറിന്റെ വസ്ത്രങ്ങള്‍ അലക്കിക്കൊടുത്തിരുന്നത്. തലയണയടക്കം നല്‍കി സുഖ നിദ്രയ്‌ക്കുള്ള സൗകര്യവും നല്‍കിയിട്ടുണ്ട്. ജയിലിനുള്ളില്‍ ധരിക്കുന്നത് വീട്ടില്‍ നിന്നും കൊണ്ടു വന്ന വെള്ള വസ്ത്രങ്ങളാണ് .

ബക്കറ്റ് നിറച്ച്‌ സൗന്ദര്യവർദ്ധക വസ്തുക്കളും ഷെറിനുണ്ടായിയുന്നു. ഇതില്‍ മുഖം നോക്കാൻ കണ്ണാടി, ലിപ്സ്റ്റിക്ക്, ഐലൈനർ തുടങ്ങി സർവ്വതുമുണ്ട്. സൂപ്രണ്ടിന്റെ പേരക്കുട്ടി കണക്കെയുള്ള ലാളനയാണ് ഷെറിന് ലഭിച്ചതെന്നും സുനിത പറഞ്ഞു.

അന്നത്തെ ജയില്‍ ഡിഐജിയുമായി ഷെറിന് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും സുനിത വെളിപ്പെടുത്തി. സാധാരണ വനിത ജയിലില്‍ പുരുഷ ഉദ്യോഗസ്ഥർ ഉണ്ടാകാറില്ല. 

ഇവിടെ ഷെറിനെ കാണാൻ ജയില്‍ ഡിഐജി അടിക്കടി എത്തിയിരുന്നു. ജയില്‍ ചട്ടപ്രകാരം തടവുകാരെ വൈകുന്നേരം 5.30 ന് സെല്ലില്‍ അടച്ചാല്‍ പിന്നെ രാവിലെ മാത്രമേ പുറത്തിറക്കൂ. എന്നാല്‍ രാത്രി എഴ് മണിയോടെ പുറത്തിറങ്ങുന്ന ഷെറിൻ രണ്ട് മണിക്കൂർ കഴി‍ഞ്ഞാണ് തിരിച്ചെത്താറ്.

 ഇത് സംബന്ധിച്ച്‌ ക്ലംപ്ലയ്ന്റ് ബോക്സില്‍ പരാതി എഴുതിയിട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഒരു തവണ ജയില്‍ ജീവനക്കാരൻ വഴി ഇക്കാര്യങ്ങള്‍ മാദ്ധ്യമത്തിന് നല്‍കിയതിന് ജയില്‍ ഡിഐജി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സുനിത പറഞ്ഞു. ഒരിക്കലും പുറം ലോകം കാണില്ലെന്ന് പറഞ്ഞായിരുന്നു ഡിഐജി ഭീഷണിപ്പെടുത്തിയത്.

ഒരു തവണ ജയില്‍ സന്ദർശിച്ച ജില്ലാ ജഡ്ജിനോട് ഇക്കാര്യങ്ങള്‍ നേരിട്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തുകയും അധികമായി കൈവശം വെച്ചിരുന്നു മൊബൈല്‍ ഫോണ്‍ അടക്കം എല്ലാം വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തിരുന്നുവെന്നും സുനിത കൂട്ടിച്ചേർത്തു, തടവുകാരികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനെ കുറിച്ചും സുനിത സംസാരിച്ചിരുന്നു. 

രണ്ട് വർഷത്തെ ശിക്ഷയ്‌ക്ക് ശേഷം ജാമ്യം നേടിയാണ് സുനിത പുറത്തിറങ്ങിയത്. ജയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം വിവരാവകാശ നിയമ പ്രകാരം ഷെറിന് എത്ര ദിവസം പരോള്‍ ലഭിച്ചു എന്നതടക്കമുള്ള വിവരങ്ങളും ശേഖരിച്ചിരുന്നു.

വളരെ പുതിയ വളരെ പഴയ