Zygo-Ad

സ്‌കൂൾ ബാഗിൽ മൂർഖൻ പാമ്പ്: കാക്കനാട് ഒന്നാം ക്ലാസുകാരൻ തലനാരിഴയ്ക്ക് രക്ഷപെട്ടു

 


കൊച്ചി: കാക്കനാട് അത്താണിയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയുടെ സ്കൂൾ ബാഗിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. അത്താണി എളവക്കാട്ട് അബ്ദുൾ അസീസിന്റെ വീട്ടിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ബാഗിന് അസ്വാഭാവികമായ ഭാരം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്.

സംഭവം ഇങ്ങനെ:

കഴിഞ്ഞ ദിവസം വൈകിട്ട് ട്യൂഷൻ കഴിഞ്ഞെത്തിയ കുട്ടി ഹാൾട്ടിലെ മേശയ്ക്ക് താഴെയായിരുന്നു ബാഗ് വെച്ചിരുന്നത്. ഇന്ന് രാവിലെ വീട് വൃത്തിയാക്കുന്നതിനിടെ വീട്ടുജോലിക്കാരി ബാഗ് മാറ്റാൻ ശ്രമിച്ചപ്പോഴാണ് അമിത ഭാരം ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നി ബാഗ് തുറന്നതോടെ ഉള്ളിൽ ചുരുണ്ടുകൂടിയിരിക്കുന്ന മൂർഖൻ പാമ്പിനെ കണ്ട് വീട്ടുകാർ പരിഭ്രാന്തരായി. ഉടൻ തന്നെ ബാഗ് മുറ്റത്തേക്ക് വലിച്ചെറിയുകയും ചാക്കുകൾ കൊണ്ട് മൂടുകയും ചെയ്തു.

രക്ഷാപ്രവർത്തനം:

വിവരമറിഞ്ഞ് വനംവകുപ്പിന്റെ 'സർപ്പ' (SARPA) റെസ്ക്യൂ ടീം അംഗവും എളമക്കര സ്വദേശിയുമായ റിൻഷാദ് സ്ഥലത്തെത്തി. ബാഗിനുള്ളിലുണ്ടായിരുന്ന പാമ്പിനെ സുരക്ഷിതമായി പിടികൂടി വനംവകുപ്പിന് കൈമാറി. വർദ്ധിച്ചുവരുന്ന ചൂടിൽ നിന്നും രക്ഷനേടാൻ തണുപ്പുള്ള ഇടം തേടിയാകാം പാമ്പ് ബാഗിനുള്ളിൽ കയറിയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.

വിദ്യാർത്ഥി ബാഗ് തുറക്കുന്നതിന് മുൻപേ പാമ്പിനെ കണ്ടെത്താനായതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്.




വളരെ പുതിയ വളരെ പഴയ