കാസർഗോഡ്: തൂങ്ങി മരണം അഭിനയിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാല്‍ വഴുതി കഴുത്തില്‍ കുരുക്ക് മുറുകി യുവാവിന് ദാരുണാന്ത്യം. കുമ്പമ്പ ആരിക്കാടി ഒഡ്ഡു ഗ്രൗണ്ടിനു സമീപം താമസിക്കുന്ന ബാബു-സുമതി ദമ്പതികളുടെ മകൻ സന്തോഷ് (30) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് ദുരന്തമുണ്ടായത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന സന്തോഷ് പതിവായി വ്യത്യസ്തമായ വീഡിയോകള്‍ ചെയ്യാറുണ്ടായിരുന്നു.
വെള്ളിയാഴ്ച രാത്രി 10.30-ഓടെയാണ് മുറിയില്‍ വെച്ച് ആത്മഹത്യ ചെയ്യുന്ന രീതിയിലുള്ള റീല്‍സ് ചിത്രീകരിക്കാൻ സന്തോഷ് ശ്രമിച്ചത്.
ഫാനിലോ ഹുക്കിലോ കുരുക്കിട്ട ശേഷം, ഉയരം ലഭിക്കുന്നതിനായി കട്ടിയുള്ള തെർമോക്കോള്‍ കഷ്ണങ്ങള്‍ക്ക് മുകളിലാണ് ഇയാള്‍ കയറി നിന്നത്. കഴുത്തില്‍ കുരുക്കിട്ട് വീഡിയോ
ചിത്രീകരിക്കുന്നതിനിടെ അപ്രതീക്ഷിതമായി തെർമോക്കോള്‍ പൊട്ടിപ്പോവുകയായിരുന്നു. ഇതോടെ നിലതെറ്റിയ സന്തോഷ് താഴേക്ക് വീഴുകയും കഴുത്തില്‍ കുരുക്ക് മുറുകി മരണം സംഭവിക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.
ഒരു ഫോണ്‍ കോളിന്റെ ദൂരം
റീല്‍സ് ചിത്രീകരിക്കുന്ന വിവരം സന്തോഷ് തന്റെ സുഹൃത്തിന് വാട്‌സ്‌ആപ്പില്‍ അയച്ചിരുന്നു. അപകടം മണത്ത സുഹൃത്ത് 'അങ്ങനെ ചെയ്യല്ലേ' എന്ന് പറയാൻ ഉടൻ തിരിച്ചു വിളിച്ചെങ്കിലും സന്തോഷ് ഫോണ്‍ എടുത്തില്ല. ഇതോടെ ഭയന്നു പോയ സുഹൃത്ത് സന്തോഷിന്റെ വീട്ടുകാരെ വിളിച്ച് വേഗം മുറിയില്‍ നോക്കാൻ ആവശ്യപ്പെട്ടു.
വിവരമറിഞ്ഞ് വീട്ടുകാർ ഓടിയെത്തി വാതിലില്‍ തട്ടിയെങ്കിലും തുറന്നില്ല. ഒടുവില്‍ അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് സന്തോഷിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടൻ തന്നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അന്വേഷണം തുടങ്ങി
കമ്പള പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാസർഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
റീല്‍സ് ചിത്രീകരണത്തിനിടെയുണ്ടായ അപകടമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനായി സന്തോഷിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. ഏക സഹോദരി: ഭവ്യ.
