ചെങ്ങന്നൂർ: ശബരിമല സ്വർണക്കൊള്ള കേസില്‍ അറസ്റ്റിലായ ശബരിമല തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടില്‍ എസ്‌ഐടിയുടെ പരിശോധന.
ഡിവൈഎസ്പി സരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകളും തെളിവുകളും കണ്ടെത്തുകയാണ് ലക്ഷ്യം.
തന്ത്രിയുടെ അറസ്റ്റിന് പിന്നാലെ വീട്ടില്‍ പരിശോധനയുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും, ഉച്ചയ്ക്ക് ശേഷമാണ് പൊലീസ് സംഘം എത്തിയത്.
ചെങ്ങന്നൂർ പൊലീസിന്റെ അകമ്പടിയോടു കൂടിയായിരുന്നു എസ്‌ഐടിയുടെ വരവ്. പരിശോധന ആരംഭിച്ചതോടെ വീട്ടിലുണ്ടായിരുന്ന ബന്ധുക്കളെ പുറത്തേക്ക് മാറ്റി.
ആദ്യഘട്ടത്തില്‍, അഭിഭാഷകരായ തന്ത്രിയുടെ മരുമക്കളെ അകത്തേക്ക് പ്രവേശിപ്പിക്കാൻ പൊലീസ് തയ്യാറായിരുന്നില്ല.
ഇത് നേരിയ തർക്കത്തിന് കാരണമായെങ്കിലും പിന്നീട് മരുമകളെ ഉള്‍പ്പെടെ അകത്തേക്ക് പ്രവേശിപ്പിച്ചു. നിലവില്‍ ഒരു മണിക്കൂറിലേറെയായി പരിശോധന തുടരുകയാണ്.
സ്വർണ്ണക്കൊള്ള കേസില്‍ പ്രതിയായ പോറ്റിക്ക് ശബരിമലയിലേക്ക് കടന്നുവരാൻ തന്ത്രി വാതില്‍ തുറന്നു നല്‍കിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.
ഗൂഢാലോചനയില്‍ തന്ത്രിക്ക് വ്യക്തമായ പങ്കുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള കർശന നടപടികളിലേക്ക് പൊലീസ് നീങ്ങിയത്. പരിശോധന പൂർത്തിയായാല്‍ മാത്രമേ കേസിലെ നിർണായക വിവരങ്ങള്‍ പുറത്തുവിടൂ എന്ന് പൊലീസ് അറിയിച്ചു.
ശ്രീകോവിലിലെ കട്ടിളപ്പാളിയും പ്രഭാമണ്ഡലവും കൊള്ളയടിച്ച കേസിലാണ് തന്ത്രി അറസ്റ്റിലായത്. കേസില്‍ 13ാം പ്രതിയാണ്.
ശബരിമല താന്ത്രികാവകാശം പരമ്പാരാഗതമായി ലഭിച്ചിട്ടുള്ള ചെങ്ങന്നൂർ താഴമണ്‍ കുടുംബത്തിലെ രാജീവര് 1998-99ല്‍ വിജയ് മല്യ സ്വർണം പൊതിഞ്ഞപ്പോഴും 2019ല്‍ സ്വർണപ്പാളികള്‍ കൊള്ളയടിച്ചപ്പോഴും തന്ത്രിയായിരുന്നു.
