തിരുവനന്തപുരം: തലസ്ഥാനത്ത് അഞ്ചു പേരെ കൊലപ്പെടുത്തിയ 23കാരൻ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വെഞ്ഞാറമ്മൂട് പേരുമല സ്വദേശി അഫാന്‍ (23) ആണ് ക്രൂരകൃത്യം ചെയ്തത്.
കാമുകിയേയും സഹോദരനേയും കൊലപ്പെടുത്തിയ പ്രതി സ്വന്തം അമ്മയേയും ആക്രമിച്ചു. മറ്റ് മൂന്ന് പേരെ കൂടി ആക്രമിച്ചുവെന്നാണ് പ്രതി പൊലീസില്‍ നല്‍കിയ മൊഴി.
ബന്ധുക്കളായ അഞ്ചു പേരെ മൂന്നു വീടുകളിലായി കൊലപ്പെടുത്തിയെന്നാണ് വിവരം. ഇതില്‍ അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. അഫാന്റെ മാതാവ് ഷെമി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
പേരുമലയില്‍ രണ്ടു പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് അഫാന്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നത്.
പാങ്ങോട്ടുള്ള വീട്ടില്‍ യുവാവിന്റെ മുത്തശ്ശി സല്‍മാ ബീവിയുടെ (88) മൃതദേഹം കണ്ടെത്തി. 13 വയസുള്ള സഹോദരൻ അഫ്സാനെയും പെണ്‍സുഹൃത്ത് ഫസാനയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
എസ്.എൻ പുരം ചുള്ളാളത്ത് പെണ്‍സുഹൃത്തിന്റെ മാതാപിതാക്കളായ ലത്തീഫ്, ഷാഹിദ എന്നിവരും കൊല്ലപ്പെട്ടതായി വിവരമുണ്ട്. മൂന്ന് വീടുകളിലായി ആറ് പേരെ താൻ വെട്ടി എന്നാണ് യുവാവ് പറഞ്ഞത്.
പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. പിതാവിന്റെ കൂടെ വിദേശത്തായിരുന്നു പ്രതി. വിസിറ്റിംഗ് വിസയില്‍ പോയി തിരിച്ചു വരികയായിരുന്നു. മാതാവ് കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു.
വെഞ്ഞാറമൂട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അനിയൻ അഫ്‌സാൻ. കൊലപാതകത്തിന് ശേഷം പ്രതി ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട ശേഷമാണ് പൊലീസ് സ്റ്റേഷനിലേക്ക് പോയി കീഴടങ്ങിയത്