Zygo-Ad

'കണ്ണന്റെ നടയിലും കള്ളൻമാരുടെ കയ്യിട്ടു വാരല്‍' ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൻ സാമ്പത്തിക ക്രമക്കേട്


തൃശൂർ; ഗുരുവായൂർ ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ വൻ ക്രമക്കേടെന്ന് റിപ്പോർട്ട്. ഈ ആരോപണം ഉയർത്തി സംസ്ഥാന ഓഡിറ്റ് വിഭാഗം ഹൈക്കോടതിയില്‍ ഗുരുവായൂർ ദേവസ്വത്തിനെതിരെ സത്യവാങ്മൂലം നല്‍കി.

ഇതേ തുടർന്ന് ഹൈക്കോടതി ഗുരുവായൂർ ദേവസ്വത്തോട് വിശദീകരണം ചോദിച്ചിരിക്കുകയാണിപ്പോള്‍. രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് ഗുരുവായൂർ ദേവസ്വത്തിന് നിർദേശം. 

ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രൻ, എസ് മുരളി കൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് ഈ മാസം 21ന് വിഷയം വീണ്ടും പരിഗണിക്കും.

ഗുരുവായൂർ ക്ഷേത്രത്തില്‍ സ്വർണ്ണം, വെള്ളി ലോക്കറ്റ് വില്‍പ്പനയില്‍ 27 ലക്ഷം രൂപയുടെ കുറവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2019 -മുതല്‍ 2022 വരെയുള്ള 3 വർഷത്തെ ലോക്കറ്റ് വില്‍പ്പനയിലാണ് തിരിമറി തെളിഞ്ഞത്.

 2024 മെയ് മാസം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഗുരുതര കണ്ടെത്തലുകളുള്ളത്. ലോക്കറ്റ് വില്‍പ്പനയിലെ തുക നിക്ഷേപിച്ചിരുന്നത് പഞ്ചാബ് നാഷണല്‍ ബാങ്കിലെ രണ്ട് അക്കൗണ്ടുകളിലായാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. 

എന്നാല്‍ ബാങ്ക് ജീവനക്കാരൻ നല്‍കുന്ന ക്രെഡിറ്റ് സ്ലിപ്പും അക്കൗണ്ടില്‍ എത്തിയ തുകയും തമ്മില്‍ വ്യത്യാസം ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ ഹാജരാക്കുന്നതിലും ദേവസ്വം ഉത്തരവാദിത്വം കാട്ടിയില്ലെന്ന് ആരോപണമുണ്ട്.

സി.സി.ടി.വി സ്ഥാപിക്കാനായി കരാർ നല്‍കിയിരുന്നത് ഊരാളുങ്കല്‍ സൊസൈറ്റിയ്ക്കാണ്. ഇതിലും ക്രമക്കേടുണ്ട്. കേന്ദ്ര സർക്കാർ പദ്ധതി പ്രകാരം സി.സി.ടി.വി സ്ഥാപിച്ചതില്‍ ദേവസ്വം ഫണ്ടില്‍ നിന്നും തുക ചെലവഴിച്ചു.

 പ്രസാദ ഫണ്ടില്‍ തുക നീക്കിയിരുപ്പുണ്ടായിരുന്ന സമയത്തായിരുന്നു ഈ നടപടി. ബാങ്കിന്റെ കളക്ഷൻ ജീവനക്കാരൻ തുക കൃത്യമായി അടയ്ക്കുന്നുണ്ടോയെന്ന് പരിശോധിച്ചില്ല. ഇങ്ങനെ ക്ഷേത്രം അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് സത്യവാങ്മൂലത്തിലെ പരാമർശം. 

89 ലക്ഷം രൂപ ദേവസ്വം അക്കൗണ്ടിലേക്ക് മാറ്റിയില്ല ഇതു വഴി പലിശ നഷ്ടമുണ്ടായി. നഷ്ടം വരുത്തിയ തുക ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണമെന്നും ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ