Zygo-Ad

മത വിദ്വേഷ പരാമർശ കേസ് :പി സി ജോർജിന് ജാമ്യം

 


മതവിദ്വേഷ പരമാർശ കേസിൽ ബിജെപി നേതാവ് പി സി ജോർജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. കേസിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിൻ്റെയും വിശദമായ വാദം ഇന്നലെ പൂർത്തിയായിരുന്നു.

മതസ്പ‌ർധ വളർത്തുന്ന പ്രസ്‌താവനയാണ് ജോർജ് നടത്തിയതെന്നും ജാമ്യവ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുന്ന ഒരാൾക്ക് ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായെന്നും ആരോഗ്യ പ്രശ്ന‌ങ്ങൾ ഗുരുതരമായതിനാൽ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗവും വാദിച്ചു.

ആരോഗ്യ സ്ഥിതിയെ സംബന്ധിച്ചുള്ള മെഡിക്കൽ റിപ്പോർട്ട് കോടതി തേടിയിരുന്നു. നിലവിൽ റിമാൻഡിലുള്ള ജോർജ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അതേസമയം ഇക്കഴിഞ്ഞ ദിവസമാണ് കേസിൽ പി സി ജോർജ് കീഴടങ്ങിയത്. പൊലീസ് നീക്കങ്ങളെ മറികടന്ന് ഈരാറ്റുപേട്ട കോടതിയിലാണ് കീഴടങ്ങിയത്. ബിജെപി നേതാക്കൾക്കൊപ്പമാണ് പി സി ജോർജ് കോടതിയിൽ എത്തിയത്. പൊലീസ് ശ്രമങ്ങളെ മറികടന്നായിരുന്നു പി സി ജോർജിന്റെ കീഴടങ്ങൽ.

കേസുമായി ബന്ധപ്പെട്ട് പി സി ജോർജ് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നായിരുന്നു വിവരം. പി സി ജോർജ് സ്റ്റേഷനിൽ ഹാജരാകുമ്പോൾ അറസ്സ് ചെയ്യാനായിരുന്നു പൊലീസിന്റെ നീക്കം. ശനിയാഴ്ച വീട്ടിൽ നോട്ടീസ് നൽകാനെത്തിയ പൊലീസ് പി സി ജോർജ് ഇല്ലാത്തതിനാൽ മടങ്ങുകയായിരുന്നു. എന്നാൽ ഉച്ചവരെ സാവകാശം തേടി പി സി ജോർജ് പാലാ ഡിവൈഎസ്പി ഓഫീസിൽ കത്തും നൽകിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സാവകാശം തേടിയത്.

അതേസമയം ചാനൽ ചർച്ചയിൽ പങ്കെടുത്ത് വിവാദ പരാമർശനം നടത്തിയതിന് പിന്നാലെ പി സി ജോർജ് അന്ന് സമൂഹമാധ്യമങ്ങളിൽ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ ഈരാറ്റുപേട്ട യൂത്ത് ലീഗ് പരാതി നൽകിയതോടെ പൊലീസ് കേസ് എടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയെങ്കിലും തള്ളി. തുടർന്നാണ് പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. ടെലിവിഷൻ ചർച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമർശം നടത്തിയത് അബദ്ധത്തിൽ പറ്റിപ്പോയ പിഴവെന്നായിരുന്നു പിസി ജോർജിന്‍റെ വാദം. എന്നാൽ പി സി ജോർജിന്‍റെ പരാമ‍ർശത്തിൽ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു

വളരെ പുതിയ വളരെ പഴയ