തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, കാസര്‍കോട്, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാനാണ് സാധ്യത. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.
ഇന്നലെ സംസ്ഥാനത്ത് ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്ത് കണ്ണൂരിലാണ്. വ്യാഴാഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 39.8 ഡിഗ്രി സെല്‍ഷ്യസാണ്. ഫെബ്രുവരിയിലെ രണ്ടാമത്തെ ഉയര്‍ന്ന താപനിലയാണിത്. സംസ്ഥാനത്ത് പൊതുവെ ഉയര്‍ന്ന താപനില 35നും 40 ഡിഗ്രി സെല്‍ഷ്യസിനുമിടയില്‍ രേഖപ്പെടുത്തി.
മഴയ്ക്ക് സാധ്യത
കടുത്ത ചൂടിനിടെ സംസ്ഥാനത്ത് വേനല്‍മഴ എത്തുന്നത് ആശ്വാസമാകും. ശനിയാഴ്ച മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.