വെഞ്ഞാറമൂട് :വിങ്ങുന്ന മനസ്സോടെ റഹീം നാട്ടിലെത്തി. എന്തുചെയ്യണമെന്നറിയാതെ കാറിനരികിലേക്ക് നടന്നുനീങ്ങി. പ്രതിസന്ധിയില്‍ നിന്ന് കരകയറി ജീവിതത്തിലേക്ക് തിരിച്ചു കയറാമെന്ന വിശ്വാസത്തോടെ മുമ്പോട്ട് പോകുന്നതിനിടയില്‍ വെള്ളിടിപോലെയെത്തിയ ദുരന്തം, ഇനി എന്ത് എന്ന ചോദ്യം റഹീമിന്റെ മുമ്പില്‍ ബാക്കിയായിക്കിടക്കുന്നുണ്ട്.
രാവിലെ 7.55-ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് റഹീം എത്തിയത്. വിമാനത്താവളത്തില്‍ സ്വീകരിക്കാൻ പ്രിയപ്പെട്ടവരില്ല. സ്നേഹത്തോടെ വളർത്തിയ രണ്ടുമക്കളില്‍ ഒരാള്‍ ഇന്ന് ജീവനോടെ ഇല്ല, മറ്റൊരാള്‍ കൂട്ടക്കൊലക്കേസില്‍ അറസ്റ്റില്‍. പ്രിയപ്പെട്ട ഭാര്യയാകട്ടെ ആശുപത്രിക്കിടക്കയില്‍. ഉമ്മയും പ്രിയപ്പെട്ട സഹോദരനും സഹോദരന്റെ ഭാര്യയും കൊല്ലപ്പെട്ടു.
വ്യാഴാഴ്ച 12.15-നായിരുന്നു ദമ്മാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്. റിയാദില്‍ ഒരു കടനടത്തുകയായിരുന്നു റഹീം. പലതരം പ്രശ്നങ്ങള്‍ ഒന്നിച്ചെത്തിയപ്പോള്‍ എല്ലാം നഷ്ടമായി. കടക്കാരില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറി നില്‍ക്കാനാണ് റഹീം ദമ്മാമിലേക്ക് വണ്ടി കയറിയത്.
നാട്ടിലെത്തിയ റഹീം ഡി.കെ. മുരളി എം.എല്‍.എ.യുടെ ഓഫീസിലേക്കാണ് ആദ്യം ചെന്നത്. ഇവിടെ നിന്ന് പള്ളിയിലേക്ക് പോകും. അവസാനമായി ഒരു നോക്ക് കാണാൻ പറ്റാത്ത തന്റെ പ്രിയപ്പെട്ടവരുടെ ഖബറിടങ്ങളിലേക്ക്. അതിന് ശേഷം ആശുപത്രിയിലേക്ക് പോയി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഭാര്യയെ കാണുമെന്നാണ് ലഭിക്കുന്ന വിവരം.
അഫാൻ ആദ്യ കുട്ടിയായത് കൊണ്ട് കൂടുതല്‍ വാത്സല്യം നല്‍കിയിരുന്നുവെന്ന് റഹീം പറയുന്നു. അവനെ ഉള്‍പ്പെടെയാണ് സന്ദർശക വിസയില്‍ സൗദിയില്‍ കൊണ്ടു വന്നത്. 10 മാസത്തോളം റിയാദില്‍ ഒപ്പമുണ്ടായിരുന്നു. കാറ്ററിംഗിനും മറ്റും പോയി അവൻ സ്വന്തമായി പണം സമ്പാദിച്ചിരുന്നു. അത് അവന്റെ കാര്യങ്ങള്‍ക്കെടുക്കും. അടുത്ത ദിവസങ്ങളിലൊന്നും അവനെ ഫോണില്‍ കിട്ടിയിരുന്നില്ല. ഇടക്കൊക്കെ കാശിന് വേണ്ടി ഭാര്യയുടെ അടുത്ത് വഴക്കിടാറുണ്ട്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഓ അവന് ഭ്രാന്താ' എന്ന ഒഴുക്കൻ മറുപടിയാണ് ഭാര്യ പറഞ്ഞതെന്ന് റഹീം കൂട്ടിച്ചേർത്തു.
ഇളയ മകന്റെ മരണമാണ് ഏറെ സങ്കടകരം. അവന്റെ ഫോട്ടോ നോക്കിയിരുന്ന് വിതുമ്പുന്ന കാഴ്ച കാണാൻ കഴിയുന്നതല്ലെന്ന് ഇദ്ദേഹത്തെ ഒപ്പം കൂട്ടിയ നാസ് വക്കം പറഞ്ഞു. അവന് ഇഷ്ടമുള്ള മന്തി വാങ്ങികൊടുത്തിട്ടാണ് കൊന്നത്. അവനെ വെറുതേ വിടാമായിരുന്നില്ലേ? എന്ന് ദമ്മാമില്‍ വെച്ച് റഹീം വിതുമ്പലോടെ ചോദിച്ചുകൊണ്ടിരുന്നുവെന്ന് അടുപ്പക്കാർ പറയുന്നു.