തിരുവനന്തപുരം: സ്കൂൾ ബസുകളിൽ കാമറ നിർബന്ധമാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. അടുത്ത അധ്യയനവർഷം മുതൽ കാമറ ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ലെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സ്വകാര്യ ബസുകളിൽ ഡ്രൈവറുടെ കാബിനിൽ ഉൾപ്പെടെ കാമറ വെക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
കോടതി നിർദേശവും അതാണ്. എതിർത്തിട്ട് കാര്യമില്ല. സ്വകാര്യ ബസ് ജീവനക്കാർ കുറ്റവാളികളെല്ലെന്ന് ഉറപ്പിക്കാൻ പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ അത് ഉറപ്പാക്കിയിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പിന്റെ ചെക്പോസ്റ്റിൽ അഴിമതി അവസാനിപ്പിക്കും. വിജിലൻസ് പരിശോധന തുടരും.