കണ്ണൂർ: കാലിക്കടവ് മുതല്‍ മുഴപ്പിലങ്ങാട് വരെയുള്ള ദേശീയപാത 66-ന്റെ നിർമാണം അതിവേഗത്തിലായി. ദേശീയപാത ഈവർഷം തുറന്നുകൊടുക്കുമെന്ന പ്രഖ്യാപനം വന്നതോടെ കരാറുകാർ പ്രവൃത്തി വേഗത്തിലാക്കിയിട്ടുണ്ട്.
ഇനി മുന്നിലുള്ളത് ഒൻപത് മാസമാണ്. 2021 ഒക്ടോബർ നവംബറിലാണ് പ്രവൃത്തി തുടങ്ങിയത്. 2025 മാർച്ച് 31-ന് പൂർത്തീകരിക്കാനാണ് നിർദേശിച്ചെങ്കിലും അത് ദീർഘിപ്പിച്ചു.
ജില്ലയിലെ രണ്ട് റീച്ചുകളില്‍ പ്രവൃത്തി 70 ശതമാനത്തിന് മുകളിലെത്തി. കാലിക്കടവ് മുതല്‍ തളിപ്പറമ്പ് വരെയുള്ള റീച്ചില്‍ 72 ശതമാനത്തിലെത്തി. ഡിസംബർ, ജനുവരി മാസങ്ങളില്‍ സംസ്ഥാനത്ത് തന്നെ വേഗമേറിയ പ്രവൃത്തി നടന്നത് ഈ റീച്ചിലാണ്. തളിപ്പറമ്പ് ചുടല കൊടുംവളവ്, കുപ്പംപുഴയിലെ പാലം എന്നീ പണികളാണ് പ്രധാനമായി പൂർത്തിയാകാനുള്ളത്. പ്രധാന നിർമാണ സവിശേഷതയായ തളിപ്പറമ്പ്-കീഴാറ്റൂർ-കുറ്റിക്കോലിലെ 700 മീറ്റർ മേല്‍പ്പാലം സമയബന്ധിതമായി പൂർത്തീകരിക്കും.
തളിപ്പറമ്പ്-മുഴപ്പിലങ്ങാട് റീച്ചില്‍ പ്രവൃത്തി 70 ശതമാനം കഴിഞ്ഞു. വളപട്ടണം പാലം നിർമാണം അതിവേഗം നടക്കുകയാണ്. രൂപരേഖയിലെ മാറ്റംമൂലം വൈകി തുടങ്ങിയ പ്രവൃത്തിയാണിത്. പയ്യന്നൂർ (3.82 കി.മീ.), തളിപ്പറമ്പ് (5.66 കി.മീ.), കണ്ണൂർ (13.84 കി.മീ.) ബൈപ്പാസുകളുടെ പ്രവൃത്തിയും വേഗത്തിലായി.
ദേശീയപാത മുറിച്ചുകടക്കാൻ വഴികളില്ലാത്ത സ്ഥലങ്ങളില്‍ മേല്‍നടപ്പാതയുടെ (ഫൂട്ട് ഓവർ ബ്രിഡ്ജ്) പണിയും വേഗത്തിലാക്കും. തളിപ്പറമ്പ്-മുഴപ്പിലങ്ങാട് (30കി.മി.) റീച്ചില്‍ നിലവില്‍ അഞ്ച് മേല്‍നടപ്പാതകളാണ് ഉയരുന്നത്.