Zygo-Ad

ഒറ്റപ്പെടലിന്റെ 'സങ്കടം' മാറ്റാന്‍ കല്യാണം കഴിച്ചത് നാലു തവണ; രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്സ് ബുക്ക് ഫ്രണ്ടായത് കെണിയായി

 പത്തനംതിട്ട: അനാഥത്വത്തിന്റെ കണ്ണീര്‍ക്കഥ പറഞ്ഞ് കല്യാണം പതിവാക്കിയ യുവാവ് ഒടുവില്‍ പിടിയിലായി. രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്സ് ബുക്ക് ഫ്രണ്ടായതോടെയാണ് യുവാവിന്റെ കള്ളക്കളി പൊളിയുന്നത്. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ദീപു ഫിലിപ്പി(36)നെയാണ് കോന്നി പൊലീസ് പിടികൂടിയത്.

കോന്നി പ്രമാടം പുളിമുക്ക് തേജസ് ഫ്ലാറ്റില്‍ ഇയാള്‍ താമസിച്ചു വരികയായിരുന്നു. താന്‍ അനാഥനാണെന്നും വിവാഹം കഴിച്ചാല്‍ ഒറ്റപ്പെടുന്നതിന്റെ വേദന മാറുമെന്നും പറഞ്ഞാണ് ഇയാള്‍ യുവതികളെ വലയിലാക്കുന്നത്. സഹതാപത്തില്‍ യുവതി വീണാല്‍ അതു മുതലെടുത്ത് കല്യാണം കഴിക്കും. ഒരുമിച്ചു ജീവിച്ച് ലൈംഗികമായി ഉപയോഗിച്ചശേഷം അടുത്ത ഇരയെ തേടിപ്പോകുന്നതാണ് പതിവ്.


കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശിനിയെ 10 കൊല്ലം മുമ്പ് കല്യാണം കഴിച്ചായിരുന്നു വിവാഹതട്ടിപ്പിന് തുടക്കം കുറിക്കുന്നത്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. തുടര്‍ന്ന് സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയശേഷം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മുങ്ങി. അതിനുശേഷം കാസര്‍കോട്ടുള്ള മറ്റൊരു യുവതിയുമായി ദീപു തമിഴ്നാട്ടിലേക്ക് കടന്നു. കുറേക്കാലം അവിടെ ഒരുമിച്ച് താമസിച്ചശേഷം ഇയാള്‍ സ്ഥലംവിട്ടു.


പിന്നീട് എറണാകുളത്ത് എത്തി മറ്റൊരു സ്ത്രീയുമായി അടുത്തു. കുറച്ചുനാള്‍ അവരുമൊത്തായി താമസം. ഇതിനിടെയാണ് ഫെയ്സ്ബുക്കിലൂടെ ആലപ്പുഴ സ്വദേശിനിയെ പരിചയപ്പെട്ടത്. വിവാഹമോചിതയായ ഇവരെയും അനാഥത്വത്തിന്റെ കണ്ണീര്‍ക്കഥ പറഞ്ഞ് വലയിലാക്കി. അര്‍ത്തുങ്കല്‍ വെച്ച് കല്യാണവും കഴിച്ചു.


രണ്ടാമത്തെ ഭാര്യ അടുത്തിടെ ദീപുവിന്റെ നിലവിലെ ഭാര്യയായ ആലപ്പുഴ സ്വദേശിനിയുടെ ഫെയ്സ് ബുക്ക് ഫ്രണ്ടായതാണ് കള്ളി പൊളിയാന്‍ കാരണമായത്. ആലപ്പുഴയിലെ യുവതിയുടെ ഭര്‍ത്താവിന്റെ സ്ഥാനത്ത് തന്റെ മുന്‍ ഭര്‍ത്താവ് ഇരിക്കുന്ന ചിത്രം കണ്ടു. ഇതോടെ രണ്ടാം ഭാര്യ ദീപുവിന്റെ കള്ളക്കളി വിശദീകരിച്ചുകൊടുത്തു. ദീപുവിന് മുമ്പ് ഉണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ ഇന്‍ഷുറന്‍സ് തുകയായ മൂന്നര ലക്ഷം രൂപ കിട്ടി.


ഇതിനു പിന്നാലെ ദീപുവിന് തന്നോടുള്ള താത്പര്യം കുറഞ്ഞതായും ഉപേക്ഷിച്ചുകടക്കാന്‍ നീക്കമുണ്ടെന്നും ആലപ്പുഴ സ്വദേശിനിക്ക് സംശയം തോന്നി. തുടര്‍ന്ന് യുവതി പരാതിയുമായി കോന്നി പൊലീസിനെ സമീപിച്ചത്. കാസര്‍കോട്, വെള്ളരിക്കുണ്ട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ യുവതിയെ എത്തിച്ച് ഇയാള്‍ ബലാത്സംഗം നടത്തിയതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

വളരെ പുതിയ വളരെ പഴയ