Zygo-Ad

കേരളത്തില്‍ വ്യാജ വെളിച്ചെണ്ണ വ്യാപാരം; ‘കേര’ യോട് സാദൃശ്യമുള്ള പേരുകളില്‍ വിപണിയില്‍ 62 ബ്രാന്‍ഡുകള്‍; അളിവിനും ഗുണനിലവാരത്തിലും തട്ടിപ്പ് നടക്കുന്നുവെന്ന് കേരഫെഡ്


 കേരളത്തില്‍ വ്യാജ വെളിച്ചെണ്ണ വ്യാപാരം വ്യാപകമെന്ന് കേരഫെഡ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കം എത്തിക്കുന്ന എണ്ണകള്‍ക്ക് കേരഫെഡിന്റെ ‘കേര’ യോട് സാദൃശ്യമുള്ള പേരുകളില്‍ വിപണിയില്‍ ഇറക്കി വില്‍പന നടത്തുന്നുണ്ട്. ഇങ്ങനെ 62 ബ്രാന്‍ഡ് വ്യാജവെളിച്ചെണ്ണകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കേരഫെഡ് ചെയര്‍മാന്‍ വി ചാമുണ്ണി, വൈസ് ചെയര്‍മാന്‍ കെ ശ്രീധരന്‍ എന്നിവര്‍ വ്യക്തമാക്കി.

2022 സെപ്തംബറില്‍ കിലോയ്ക്ക് 82 രൂപയായിരുന്ന കൊപ്രയ്ക്ക് 2025 ജനുവരിയിലെ വില 155 രൂപയാണ്. കൊപ്രവില വര്‍ധനയ്ക്ക് അനുസൃതമായി വെളിച്ചെണ്ണയുടെ വില വര്‍ധിക്കേണ്ട സാഹചര്യത്തിലും വ്യാജ വെളിച്ചെണ്ണ വില്പനക്കാര്‍ 200 മുതല്‍ 220 രൂപ വരെ മാത്രം വിലയിട്ടാണ് വില്പന നടത്തുന്നത്. കൃത്രിമം നടത്താതെയും മായം ചേര്‍ക്കാതെയും ഈ വിലയ്ക്ക് വെളിച്ചെണ്ണ വില്‍ക്കാനാവില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുന്ന വെളിച്ചെണ്ണയില്‍ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളും പദാര്‍ഥങ്ങളും കലര്‍ത്തി വില്‍ക്കുകയാണ്. വ്യാജ വെളിച്ചെണ്ണയ്ക്ക് മണം കിട്ടുന്നതിനായി നല്ല വെളിച്ചെണ്ണ കലര്‍ത്തുന്ന പതിവുമുണ്ട്.

വിപണിയില്‍ ആകെ വെളിച്ചെണ്ണ വില്‍പനയില്‍ 40 ശതമാനമാണ് കേരഫെഡിന്റെ വിഹിതം. കേരയ്ക്ക് സാദൃശ്യമുള്ള പേരുകളിലെ ബ്രാന്‍ഡുകള്‍ 20 ശതമാനത്തോളം വിപണി കയ്യടക്കിയിട്ടുണ്ട്. കേരയാണെന്ന് തെറ്റിദ്ധരിച്ച് നിരവധി ഉപഭോക്താക്കള്‍ സാദൃശ്യമുള്ള ബ്രാന്‍ഡുകള്‍ വാങ്ങി കബളിപ്പിക്കപ്പെടുന്നുണ്ട്. ഒരുലിറ്ററിന് പകരം 800 മില്ലി ലിറ്ററും 750 മില്ലി ലിറ്ററും വിപണിയിലിറക്കുന്ന പ്രവണതയുമുണ്ട്. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ഇത്തരം ബ്രാന്‍ഡുകള്‍ക്കാണ് സൂപ്പര്‍ മാര്‍ക്കറ്റുകളും കടകളും പ്രാമുഖ്യം നല്‍കുന്നത്. ഇത് ഉപഭോക്താക്കളോടുള്ള വഞ്ചനയാണെന്നും കേരഫെഡ് പറഞ്ഞു.

വളരെ പുതിയ വളരെ പഴയ