വളപട്ടണം: 'ഇനിയൊരു പെണ്ണും ഇത്തരം ചതിയില്‍ വീഴരുത്. ഞങ്ങളെ വഞ്ചിച്ചവരുടെ പേരും വിവരവും പോലീസിന് നല്‍കിയിട്ടുണ്ട്.
പോലീസിലല്ലാതെ ഞങ്ങള്‍ ആരോടാണ് പരാതിപ്പെടേണ്ടത്. അവർ മുന്നില്‍ നിന്ന് പണം തിരിച്ചു വാങ്ങിത്തരണം. അതിനാണ് രാവിലെ മുതല്‍ വൈകീട്ടു വരെ വീട്ടിലെ ജോലി ഉപേക്ഷിച്ച് ഞങ്ങള്‍ വന്നിരിക്കുന്നത്' പകുതി വിലയ്ക്ക് ഇരുചക്ര വാഹനം വാഗ്ദാനം ചെയ്ത് കബളിപ്പിക്കപ്പെട്ട് വളപട്ടണം പോലീസ് സ്റ്റേഷൻ പരിസരത്ത് തിങ്കളാഴ്ച രാവിലെ എത്തിയ സ്ത്രീകള്‍ ഒറ്റക്കെട്ടായി പറയുന്നു. കൈക്കുഞ്ഞുങ്ങളുമായി പരാതി നല്‍കാൻ എത്തിയവരും ഉണ്ട് അക്കൂട്ടത്തില്‍.
രാവിലെ പത്തരയ്ക്ക് പ്രമോട്ടർമാരെ വിളിച്ചു വരുത്തി ചർച്ചചെയ്യുമെന്നാണ് പോലീസ് ശനിയാഴ്ച പറഞ്ഞിരുന്നത്. എന്നാല്‍, ആരും എത്തിയില്ല. വനിതകള്‍ സമ്മർദം ചെലുത്തിയപ്പോള്‍ സീഡ് സൊസൈറ്റി പ്രമോട്ടർമാർ പോലീസ് കമ്മിഷണർ ഓഫീസില്‍ എത്തിയിട്ടുണ്ടെന്ന വിവരം പുറത്തു വന്നു. ഉച്ച വരെയും ആരും എത്തിയില്ല. ആ നേരമത്രയും പരാതി തയ്യാറാക്കുന്ന തിരക്കിലായിരുന്നു അവർ. ഉച്ചയ്ക്ക് ശേഷം രണ്ട് പ്രമോട്ടർമാർ എത്തിയെങ്കിലും ഇരകളുടെ വാക്കുകള്‍ക്ക് അവർ ചെവികൊടുത്തില്ല.
തിങ്കളാഴ്ച ഉച്ച വരെയായി 186 വനിതകള്‍ പരാതി നല്‍കി. അഴീക്കോട് പഞ്ചായത്തില്‍ മാത്രം ഇനിയും ഇരകള്‍ ഉണ്ടെന്ന് വനിതകള്‍ പറഞ്ഞു.
വളപട്ടണത്ത് വൈകിയെത്തി ആശ്വാസ തീരുമാനം
സീഡ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് വളപട്ടണം പോലീസില്‍ പരാതി നല്‍കിയവർക്ക് തത്കാലത്തേക്ക് ആശ്വാസ തീരുമാനം. ജില്ലയിലെ പ്രമോട്ടർമാരുടെ അക്കൗണ്ടിലുള്ള 12 ലക്ഷത്തോളം രൂപ പരാതിക്കാർക്ക് വീതിച്ച് നല്‍കാനാണ് ഇൻസ്പെക്ടർ ടി.പി.സുമേഷിന്റെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച സന്ധ്യയ്ക്ക് നടന്ന യോഗത്തില്‍ തീരുമാനമായത്.
എത്ര അപേക്ഷകരുണ്ടെന്നും അത് എത്ര പേർക്ക് വീതിച്ചു നല്‍കാമെന്നുള്ളത് ബുധനാഴ്ചയോടെ അറിയിക്കാമെന്നും ബാക്കിത്തുക സംസ്ഥാന തലത്തില്‍ ബന്ധപ്പെട്ട് ശേഖരിക്കാനുള്ള ശ്രമം നടത്തുമെന്നും പ്രമോട്ടർമാർ പറഞ്ഞതായി ഇൻസ്പെക്ടർ പറഞ്ഞു. സ്റ്റേഷനില്‍ നിന്നുള്ള ഈ തീരുമാനം അറിഞ്ഞതിന് ശേഷമാണ് സ്ത്രീകള്‍ മടങ്ങിയത്.
കുതന്ത്രവുമായി പ്രമോട്ടർമാർ
ഇരകളുടെ കേസില്‍ നിന്ന് രക്ഷപ്പെടാൻ പുതിയ കുതന്ത്രവുമായി പ്രമോട്ടർമാർ തിങ്കളാഴ്ച രംഗത്തിറങ്ങി. പദ്ധതി പ്രഖ്യാപിച്ചവർക്കെതിരെ തങ്ങള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇരകള്‍ക്ക് ഇനി വേറെ പരാതി നല്‍കേണ്ടതില്ലെന്നുമാണ് അവർ ഗ്രൂപ്പു വഴി അറിയിക്കുന്നത്. എന്നാല്‍, ചതി മനസ്സിലാക്കിയ പലരും അത് വകവെക്കാതെ നേരിട്ട് പോലീസില്‍ പരാതിയുമായി എത്തുന്നുമുണ്ട്.
കഴിഞ്ഞ ദിവസം റിമാൻഡിലായ അനന്തു കൃഷ്ണൻറിമാൻഡിലായ അനന്തു കൃഷ്ണനുമായി ബന്ധപ്പെട്ട് മറ്റുള്ള സംഘടനകളും ക്ലബ്ബുകളും മുൻകൈെയടുത്ത് ഇരുചക്ര വാഹനം പാതി വിലയില്‍ നല്‍കുമെന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. അത് മുന്നോട്ട് കൊണ്ടു പോകാനാകില്ലെന്ന് തിരിച്ചറിഞ്ഞ് പണം നഷ്ടപ്പെട്ട അപേക്ഷകരില്‍ നിന്നുള്ള പ്രതികരണം മുൻകൂട്ടിക്കണ്ട് അത്തരക്കാർ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
പെരിങ്ങോം സ്റ്റേഷനില്‍ പരാതികള്‍
പെരിങ്ങോം: പെരിങ്ങോം പോലീസ് സ്റ്റേഷനില്‍ സീഡ് സൊസൈറ്റിക്കെതിരെ നിരവധി പേർ പരാതിയുമായെത്തി. വരും ദിവസങ്ങളില്‍ സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
സൊസൈറ്റി പൊളിയുമെന്ന് തലപ്പത്തുള്ളവർക്ക് അറിയാമായിരുന്നു -പോലീസ് കമ്മിഷണർ
കണ്ണൂർ: പകുതി വിലയ്ക്ക് ഇരുചക്ര വാഹനം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ അനന്തു കൃഷ്ണന് പദ്ധതി ഒരു ഘട്ടത്തില്‍ പൊളിയുമെന്ന ധാരാണ ഉണ്ടായിരുന്നതായി സിറ്റി പോലീസ് കമ്മിഷണർ പി. നിതിൻ രാജ്.
സൊസൈറ്റിയില്‍ താഴോട്ട് പ്രവർത്തിച്ച ജില്ലാ കോഡിനേറ്റർ, പ്രമോട്ടർ തുടങ്ങിയവർക്കും അത്തരം ചിന്തയുണ്ടായിരുന്നോയെന്നത് അന്വേഷിക്കുന്നു. പക്ഷേ, പണമൊഴുകിയത് അനന്തു കൃഷ്ണന്റെ അക്കൗണ്ടിലേക്കാണെന്നാണ് മനസ്സിലാക്കുന്നത്.
ജില്ലയില്‍ മാത്രം ആയിരത്തിലധികം പേർ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. വളപട്ടണം, കണ്ണൂർ ടൗണ്‍, ചക്കരക്കല്‍ ബ്ലോക്കില്‍ മാത്രം 320 അംഗങ്ങളുണ്ട്. 2023 ഒക്ടോബർ മുതലാണ് സൊസൈറ്റി ജില്ലയില്‍ പ്രവർത്തനം തുടങ്ങിയത്.
എല്ലാ സ്റ്റേഷനുകളിലും പരാതി സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഒരു അക്കൗണ്ടിലേക്കാണ് പണം നല്‍കിയിരിക്കുന്നതെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസ്സിലാക്കുന്നത്. ഇടനിലക്കാരും നിലവില്‍ ഇരകളായിട്ടുണ്ടെന്നാണ് നിഗമനം. അവരും ഇരുചക്ര വാഹനത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
മള്‍ട്ടി ലെവല്‍ മാർക്കറ്റിങ് പോലുള്ള സാമ്പത്തിക ലാഭം ഇടനിലക്കാർക്ക് ലഭിച്ചിട്ടില്ലെന്നാണ് സൂചന. സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് ചെയ്യുന്നുവെന്ന പോസ്റ്റർ പ്രചരിപ്പിക്കുക മാത്രമാണ് ഇവർ ചെയ്തത്. എന്നാല്‍ ആരെങ്കിലും തെറ്റാണെന്ന് അറിഞ്ഞിട്ടും കൂട്ടു നിന്നിട്ടുണ്ടെങ്കില്‍ നിയമത്തിന് മുന്നില്‍ കൊണ്ടു വരും.
പ്രമുഖരുടെ സാന്നിധ്യം മനസ്സിലാക്കി പലരും സ്വമേധയാ വന്ന് പണമടച്ച് പദ്ധതിയില്‍ ചേരുകയായിരുന്നുവെന്നാണ് പ്രമോട്ടർമാർ പറയുന്നത്. നോട്ടറി ഒപ്പുവെച്ച കരാറുമുണ്ട്. എല്ലാ കരാറുകളും പ്രധാന ശാഖയുമായി ബന്ധപ്പെട്ടാണ്.
പ്രതിയുടെ മുൻകാല ചരിത്രം അടുത്ത പോലീസ് സ്റ്റേഷനില്‍ അന്വേഷിച്ചിരുന്നെങ്കില്‍ തട്ടിപ്പ് തുടക്കത്തിലെ തടയാമായിരുന്നു. അതിനുള്ള സംവിധാനം നമുക്കുണ്ട്. പോലീസിന്റെ തുണ ആപ്പിലും പോള്‍ ആപ്പിലും ഉണ്ടെന്നും കമ്മിഷണർ പറഞ്ഞു.