കൂടെ ജീവിക്കാതിരിക്കാൻ വ്യക്തമായ കാരണമുണ്ടെങ്കിൽ ഭാര്യക്ക് ജീവനാംശത്തിന് അർഹതയുണ്ട്- സുപ്രീംകോടതി


ന്യൂഡല്‍ഹി: കുടുംബകോടതി നിര്‍ദ്ദേശിച്ച ശേഷവും ഭര്‍ത്താവിനൊപ്പം താമസിക്കാതിരിക്കാന്‍ വ്യക്തമായ കാരണമുണ്ടെങ്കില്‍ ഭാര്യയ്ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി. ജാര്‍ഖണ്ഡിലെ ദമ്പതികളുടെ കേസില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. ജീവനാംശത്തിനുള്ള ഭാര്യയുടെ അവകാശത്തിനാണു മുന്‍തൂക്കം നല്‍കേണ്ടത്. ഒപ്പം താമസിക്കണമെന്ന കോടതി ഉത്തരവ് ഭാര്യ അനുസരിച്ചില്ലെന്നതു മാത്രം പരിഗണിച്ച് ജീവനാംശം നിഷേധിക്കാന്‍ കഴിയില്ലെന്നും വിവിധ ഹൈക്കോടതികളുടെ വിധികള്‍ കൂടി പരിഗണിച്ച ശേഷം കോടതി പറഞ്ഞു.

ഇക്കാര്യത്തില്‍ തെളിവുകളും സാഹചര്യവും പരിഗണിച്ചാകണം തീരുമാനമെന്നും കോടതി പറഞ്ഞു. 2015-ലാണ് ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ വേര്‍പിരിഞ്ഞത്. ഭാര്യ വീടു വിട്ടിറങ്ങിയതാണെന്നും തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും തിരികെ വന്നില്ലെന്നും ജീവനാംശം നല്‍കാനാവില്ലെന്നും കാണിച്ചു ഭര്‍ത്താവ് റാഞ്ചിയിലെ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. എന്നാൽ അഞ്ച് ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നായിരുന്നു ഭാര്യയുടെ വാദം. 

ഭാര്യ ഒപ്പം താമസിക്കണമെന്ന ഭര്‍ത്താവിന്റെ വാദം കുടുംബ കോടതി അംഗീകരിച്ചു. എന്നാല്‍ ഭാര്യ തയ്യാറല്ലെന്ന് അറിയിച്ചതോടെ 10,000 രൂപ ജീവനാംശം നല്‍കാന്‍ കുടുംബ കോടതി ഉത്തരവിട്ടു. തുടര്‍ന്ന് ഭര്‍ത്താവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ജീവനാംശത്തിന് അര്‍ഹതയില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ സുപ്രീം കോടതിയില്‍ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് അനുകൂല വിധി ഉണ്ടായിരിക്കുന്നത്.

വളരെ പുതിയ വളരെ പഴയ