കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി. ചുരം ഇറങ്ങുന്നതിനിടെ സ്വകാര്യ ബസിന്‍റെ ബ്രേക്ക് തകരാറിലായതോടെയാണ് അപകടത്തില്‍പ്പെട്ടത്.
ചുരം ഇറങ്ങുന്നതിനിടെ ആറാം വളവില്‍ വെച്ച് ബസ് ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസിന്‍റെ ഒരു ഭാഗത്തെ മുൻ ടയറുകള്‍ സംരക്ഷണ ഭിത്തിയും കടന്ന് പുറത്തേക്ക് വന്നു.
ബ്രേക്ക് ഡൗണായിട്ടും ബസ് സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് താഴേക്ക് മറിയാതെ നിന്നതിനാലാണ് അപകടത്തില്‍ നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത്.
വയനാട്ടില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. വളവ് തിരിയുന്നതിനിടെയാണ് അപകടം. സംഭവത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗത തടസം നേരിടുകയാണ്.
സംരക്ഷണ ഭിത്തിയും കടന്ന് ബസ് മുന്നോട്ട് പോയിരുന്നെങ്കില്‍ കൊക്കയിലേക്ക് മറിയുമായിരുന്നു. ടിപ്പര്‍ ലോറിയില്‍ കെട്ടി ബസ് പിന്നോട്ട് വലിച്ച് നീക്കി.
ഹൈവെ പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ഗതാഗതം നിയന്ത്രിക്കാൻ സ്ഥലത്തുണ്ട്. നിലവില്‍ ഒരു വരിയായിട്ടാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്.