മുഴപ്പിലങ്ങാട് ബീച്ചിലെ സ്വപ്ന പദ്ധതിയായ ഫ്ലോട്ടിങ് ബ്രിഡ്ജിന് അകാല ചരമം


മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ബീച്ചില്‍ ടൂറിസം വകുപ്പിന്റെ സ്വപ്ന പദ്ധതിയായി സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജിന് അകാല ചരമം.

2023 ഡിസംബറിലാണ് മന്ത്രി മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന സമയത്ത് ബീച്ചിലെ കുടക്കടവ് ഭാഗത്തായിരുന്നു സ്ഥാപിച്ചത്.

വൈകാതെ കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഇവിടെനിന്ന് അഴിച്ച്‌ കുളം ബസാർ ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു. മാസങ്ങള്‍ പിന്നിട്ടതോടെ രൂക്ഷമായ പ്രകൃതി ക്ഷോഭം കാരണം ബ്രിഡ്ജ് അഴിച്ചു വെക്കുകയായിരുന്നു. സന്ദർശകരും മത്സ്യത്തൊഴിലാളികളും സഹവസിക്കുന്ന സ്ഥലത്താണ് അഴിച്ചു വെച്ചത്. മത്സ്യത്തൊഴിലാളികളുടെ ദൈനംദിന പ്രവൃത്തിക്ക് ഇത് വലിയ പ്രയാസമാണുണ്ടാക്കുന്നത്. 

സ്വകാര്യ വ്യക്തി കരാറടിസ്ഥാനത്തില്‍ സന്ദർശകരില്‍നിന്ന് 200 രൂപ ഫീസ് ഈടാക്കിയാണ് ബ്രിഡ്ജ് പ്രവർത്തിപ്പിച്ചിരുന്നത്. അഴിച്ചുവെച്ച ബ്രിഡ്ജിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും ആവശ്യം. വിഷയത്തില്‍ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) എടക്കാട് ഏരിയ കമ്മിറ്റി, ഡി.ടി.പി.സി സെക്രട്ടറിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. 

ബ്രിഡ്ജ് അഴിച്ചു വെച്ചപ്പോള്‍ ആങ്കറും മറ്റ് അവശിഷ്ടങ്ങളും കടലില്‍ തന്നെയാണ്. ഇത് തീരത്ത് മത്സ്യ ബന്ധനം നടത്തുന്ന പരരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയാസമുണ്ടാക്കുന്നതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. 

കമ്പവലക്കാർ ഉള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ഈ ഭാഗത്ത് മത്സ്യ ബന്ധനം നടത്താൻ പറ്റാത്ത അവസ്ഥയാണ്. കരവല, ആടുവലകള്‍ ഉപയോഗിച്ച്‌ മത്സ്യ ബന്ധനം നടത്തുന്ന തൊഴിലാളികളുടെ വലക്കും മറ്റും കേടുപാടു സംഭവിക്കുന്നതായും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 

മത്സ്യത്തൊഴിലാളി യൂനിയൻ സംസ്ഥാന കമ്മിറ്റിയംഗം ഉമ്മലില്‍ റയീസ്, ജില്ല കമ്മിറ്റിയംഗം കെ.വി. പത്മനാഭൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എ. സജിത്ത്, എം. അഷ്കർ, പി.ടി. ഷഹീർ, വി.കെ. ഷെരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

വളരെ പുതിയ വളരെ പഴയ