കോട്ടയം: കോടതി വളപ്പില്‍ നിന്നു രക്ഷപെട്ട പ്രതിയെ പത്തു മിനിറ്റു കൊണ്ട് ഓടി പിടിച്ചു സേനയിലെ മാരത്തണ്‍ റണ്ണര്‍.
സി.പി.ഒ ശശികുമാറാണു കോട്ടയം സി.ജെ.എം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രക്ഷപെട്ട ഗില്‍ദാര്‍ ഹുസൈനെ (28) ഓടി പിടി കൂടിയത്.
ഇന്നു 12 മണിയോടെ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണു ഗില്‍ദാര്‍ഹുസൈനെ മോഷ്ടിച്ച മൊബൈല്‍ ഫോണും കഞ്ചാവുമായി റെയില്‍വേ പോലീസ് പിടി കൂടിയത്. കോടതിയില്‍ ഹാജരാക്കാനായി വിലങ്ങ് അഴിച്ചപ്പോഴേക്കും പ്രതി ഓടി രക്ഷപെട്ടു.
കോടതി വളപ്പില്‍ നിന്നും ഓടിയ പ്രതി ആദ്യം പ്രധാന റോഡില്‍ എത്തി. ഇതേ സമയം തന്റെ മുന്നിലൂടെ ഒരാള്‍. ഓടിപ്പോകുന്നതു ശശികുമാര്‍ കണ്ടിരുന്നു. പ്രതിയുടെ പിറകേ 60 മീറ്റര്‍ പിന്നിലായി മറ്റു പോലീസ് ഉദ്യോഗസ്ഥരും ഓടി വരുന്നതു കണ്ടപ്പോള്‍ സംഭവം എന്താണന്നു മനസിലായ ശശികുമാര്‍ പ്രതിക്കു പിറകേ കുതിച്ചു.
10 മിനിറ്റ് കൊണ്ടു പ്രതിക്ക് ഒപ്പം ശശികുമാര്‍ ഓടിയെത്തി. ശശികുമാറിനെ കണ്ട പ്രതി കലക്ടറേറ്റിന്റെ എതിര്‍വശത്തെ ഇടവഴിയിലേക്ക് അതി വേഗം ഓടി.
ഈ റോഡ് അവസാനിച്ചതും പ്രതി സമീപത്തെ മൂന്നാള്‍ താഴ്ചയുള്ള കുഴിയിലേക്ക് എടുത്തു ചാടി. ഒപ്പം ചാടിയ ശശികുമാര്‍ പ്രതിയെ പിടികൂടി. ഇതേ സമയം മറ്റു പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
മികച്ച അത്‌ലറ്റ് കൂടിയായ ശശികുമാര്‍ 30 കിലോ മീറ്റര്‍ മുതലുള്ള മാരത്തോണുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. പോലീസ് ഫുട്‌ബോള്‍ ടീമിലെ സാന്നിധ്യവുമാണു ശശികുമാര്‍. മികച്ച നീന്തല്‍ താരവുമാണ്.
പ്രളയ കാലത്ത് കുമരകം സ്‌റ്റേഷനില്‍ സേവനം അനുഷ്ഠിച്ചിരുന്നപ്പോള്‍ കുത്തൊഴുക്കില്‍പ്പെട്ട മിണ്ടാപ്രാണികളെ സ്വന്തം ജീവന്‍ പണയം വെച്ചു നീന്തി രക്ഷപ്പെടുത്തിയിരുന്നു. 20 വര്‍ഷക്കാലമായി പോലീസില്‍ സേവനം അനുഷ്ഠിക്കുന്നു.