പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ വിയൂർ ജയിലിലേക്ക് മാറ്റാൻ തീരുമാനം. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി ആലത്തൂർ സബ്ജയില്‍ അധികൃതർ കോടതിയെ സമീപിക്കുകയായിരുന്നു.
വൈകിട്ട് 7ഓടെ ചെന്താമരയെ ആലത്തൂർ സബ് ജയിലില്‍ നിന്നും വിയ്യൂർ ജയിലിലേക്ക് മാറ്റാനാണ് തീരുമാനം.
കഴിഞ്ഞ ദിവസമാണ് കേസിലെ പ്രതി ചെന്താമരയെ കോടതി റിമാൻഡ് ചെയ്തത്. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 12 വരെയാണ് റിമാൻഡ് കാലാവധി.
ഒരു കുറ്റബോധവുമില്ലാതെയാണ് പ്രതി കോടതിയില്‍ ജഡ്ജിക്ക് മുന്നില്‍ നിന്നത്. മറ്റ് പരിക്കുകള്‍ എന്തെങ്കിലും ഉണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഒരു കാര്യം പറയാനുണ്ടെന്ന് ചെന്താമര കോടതിയില്‍ പറയുകയായിരുന്നു. തന്നെ എത്രയും വേഗം ശിക്ഷിക്കണം എന്നായിരുന്നു കോടതിയില്‍ ചെന്താമരയുടെ ആവശ്യം.
നൂറ് വർഷം വരെ ശിക്ഷിച്ചോളു എന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടു. എല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നും പരിക്കുകള്‍ ഒന്നുമില്ലെന്നും പരാതി ഇല്ലെന്നും ചെന്താമര വ്യക്തമാക്കിയിരുന്നു.
മകളുടെയും മരുമകന്റെയും മുന്നില്‍ തല കാണിക്കാൻ പറ്റില്ലെന്നും ചെന്താമര കോടതിയെ അറിയിച്ചു. മകള്‍ എഞ്ചിനീയറാണെന്നും മകൻ ക്രൈംബ്രാഞ്ചിലാണെന്നും ചെന്താമര കോടതിയില്‍ പറഞ്ഞിരുന്നു.
പ്രതി കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നായിരുന്നു പൊലീസ് കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിലുണ്ടായിരുന്നത്. ഇതിനായി ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൊടുവാള്‍ വാങ്ങിയിരുന്നു.
പൂർവ്വ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നും കുറ്റപത്രം പറയുന്നു. തൻ്റെ പദ്ധതി കൃത്യമായി നടപ്പിലാക്കിയതിൻ്റെ സന്തോഷം പ്രതിക്കുണ്ടായിരുന്നുവെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പ്രതി പുറത്തിറങ്ങിയാല്‍ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും പ്രതിയില്‍ നിന്നും അയല്‍വാസികള്‍ക്ക് തുടർച്ചയായി വധഭീഷണിയുണ്ടെന്നും കുറ്റപത്രം വ്യക്തമാക്കിയിരുന്നു.
തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തിയത്.
സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തി വെച്ചു കെട്ടി വെട്ടി വീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമായിരുന്നു ആക്രമണം.
തൊട്ടു പിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന മീനാക്ഷിയേയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.