കൂത്തുപറമ്പ്: കണ്ണൂർ ജില്ലയിലെ കണ്ണവം വനത്തിലകപ്പെട്ട യുവതിയെ കാണാതായിട്ട് ഇന്നേക്ക് ആഴ്ച. റഡാറിൻറെ സഹായത്തോടെ യുവതിയെ കണ്ടെത്തുന്നതിനായി തിരച്ചില്‍ സജീവമാക്കുകയാണ്.
ദിവസങ്ങളായി പൊലീസും വനപാലകരും നാട്ടുകാരും കാട്ടില്‍ യുവതിക്കായി തിരച്ചില്‍ നടത്തുന്നു. എന്നാല്‍ സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് റഡാറിന്റെ സഹായത്തോടെയുള്ള പരിശോധന നടത്തുന്നത്.
ഡിസംബർ 31നാണ് കണ്ണവം നഗറിലെ പെരുന്നാൻ കുമാരന്റെ മകള്‍ എൻ. സിന്ധുവിനെ (40) വനത്തിനകത്ത് കാണാതായത്. കാട്ടില്‍ വിറക് ശേഖരിക്കാൻ പോയതാണ് സിന്ധു. എന്നാല്‍ പിന്നീട് വിവരമൊന്നും ലഭിച്ചില്ല.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള യുവതി വഴിതെറ്റി എങ്ങോട്ടെങ്കിലും എത്തിയിട്ടുണ്ടാകുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. സിന്ധുവിൻറെ പിതാവ് പരാതിയുമായി കണ്ണവം പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് കാണാതായ വിവരം പുറംലോകം അറിയുന്നത്.
വന്യ മൃഗങ്ങള്‍ വിഹരിക്കുന്ന വനത്തില്‍ തണ്ടർ ബോള്‍ട്ടും വനപാലകരും ഉള്‍പ്പടെയുള്ള സംഘം ദിവസങ്ങളായി വ്യാപകമായ തിരച്ചിലാണ് നടത്തുന്നത്. ഉള്‍ക്കാടുകള്‍, ജലാശയങ്ങള്‍, കിണറുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും തിരച്ചില്‍ നടത്തി.
വഴി തെറ്റിയതാണെങ്കില്‍ ഒന്നോ രണ്ടോ ദിവസത്തിനകം സമീപത്തെ ഏതെങ്കിലും നഗറുകളില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ രണ്ടാഴ്ചയായിട്ടും വിവരം ഒന്നും ലഭിക്കാതായതോടെ ആശങ്കയിലാണ് കുടുംബവും നാട്ടുകാരും.
യുവതിയുടെ വീട്ടിലെത്തിയ കെ.പി. മോഹനൻ എം.എല്‍.എയും ജന പ്രതിനിധികളും സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
സിന്ധു മാനസിക പ്രശ്‌നങ്ങളുള്ള സ്ത്രീയാണെന്നും ശബ്ദം കേള്‍ക്കുകയും മറ്റും ചെയ്താല്‍ ഉള്‍വലിഞ്ഞു പോകുന്ന പ്രകൃതമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. അതുകൊണ്ടു തന്നെ സിന്ധു ഉള്‍വനത്തിലേക്ക് തന്നെയാണ് പോയിട്ടുള്ളതെങ്കില്‍ കണ്ടെത്തല്‍ വലിയ വെല്ലുവിളിയാവുമെന്നും അവര്‍ പറഞ്ഞു.
വന്യ മൃഗ സാന്നിധ്യമുണ്ടാകുമെന്നതിനാല്‍ ഉള്‍വനങ്ങളില്‍ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ തണ്ടര്‍ ബോള്‍ട്ട് സേന തിരച്ചില്‍ നടത്തി വരുന്നുണ്ട്. കൂടാതെ കണ്ണവം വനത്തോടു ചേര്‍ന്നുള്ള പന്ന്യോട്, നരിക്കോട്ടുമല, കോളയാട് ചങ്ങല ഗേറ്റ് ഭാഗം, എടയാര്‍ എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു.
സിന്ധു വിറക് ശേഖരിച്ചു വെച്ച അറക്കല്‍ എന്ന സ്ഥലത്തു നിന്ന് പൊലീസ് നായ മണം പിടിച്ച് ഇളമാങ്കല്‍ വഴി നാല് കിലോ മീറ്ററോളം വനത്തിലേക്ക് സഞ്ചരിച്ച് പറമ്പുക്കാവില്‍ എത്തിയിരുന്നു. ആ പ്രദേശം മുഴുവന്‍ പൊലീസും വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും ഊര്‍ജിത തിരച്ചില്‍ നടത്തി. ഒരു പ്രദേശവും ഒഴിവാക്കാതെ വനമേഖല മുഴുവന്‍ തിരച്ചില്‍ നടത്തി വരികയാണ് തണ്ടര്‍ ബോള്‍ട്ട്.
കണ്ണവം സി.ഐ കെ.വി. ഉമേഷ്, ഫോറസ്റ്റ് ഓഫിസർ കെ. ജിജിൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ ഊർജിതമാക്കിയിട്ടുള്ളത്. ജന പ്രതിനിധികള്‍, പ്രദേശവാസികള്‍ സന്നദ്ധ പ്രവർത്തകർ ഉള്‍പ്പെടെയുള്ളവരും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ചയും തണ്ടർ ബോള്‍ട്ട്, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സജീവമായി തിരച്ചില്‍ നടത്തിയിരുന്നു.