കണ്ണൂർ: കണ്ണൂരില്‍ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിക്ക് ഏരിയ കമ്മിറ്റി നേതാക്കളുടെ മർദനം. പയ്യന്നൂർ നെസ്റ്റ് കോളജിലെ യൂനിറ്റ് സെക്രട്ടറി അക്ഷയ് മോഹനാണ് മർദനമേറ്റത്.
യൂനിറ്റ് കമ്മിറ്റി യോഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് നേതാക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചത്. മർദനത്തിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കോളജ് യൂനിറ്റ് ഫണ്ടുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണമായത്. ഫണ്ടില്‍ നിന്ന് ഒരു വിഹിതം ഏരിയ കമ്മിറ്റിക്ക് നല്‍കണമെന്ന് നേതാക്കള്‍ നിർദേശിച്ചിരുന്നു. ഇത് നല്‍കാൻ സെക്രട്ടറി തയാറായില്ലെന്നാണ് സൂചന. ഇതേ ചൊല്ലി യൂനിറ്റ് യോഗത്തില്‍ വാക് തർക്കമുണ്ടായിരുന്നു. യോഗത്തിനു ശേഷം പുറത്തിറങ്ങിയ യൂനിറ്റ് സെക്രട്ടറിയെ സഹപാഠികള്‍ പിടിച്ചു വെച്ചതിനാലാണ് കൂടുതല്‍ മർദനമേല്‍ക്കാതെ രക്ഷപ്പെട്ടത്.
സംഭവം ഒത്തു തീർപ്പാക്കുന്നതിന് സി.പി.എം പ്രാദേശിക നേതാക്കള്‍ രംഗത്തു വന്നിട്ടുണ്ട്. ഇന്ന് പെരളം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ മധ്യസ്ഥ ചർച്ചയും നിശ്ചയിട്ടുണ്ട്.
