വ്യാപകമായ രാസ ലഹരി വിൽപ്പന; കുറ്റ്യാടിയില്‍ മയക്കുമരുന്ന് വാങ്ങാനെത്തിയ യുവാവിനെ പിടികൂടി നാട്ടുകാര്‍

 


കോഴിക്കോട്: മാരകമായ രാസ ലഹരി വസ്തുക്കളുടെ വിതരണവും ഉപയോഗവും ഏറുന്നു. 

കുറ്റ്യാടിയില്‍ എം.ഡി.എം.എ വാങ്ങാൻ എത്തിയ യുവാവിനെ നാട്ടുകാരുടെ കൂട്ടായ്മയായ കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകർ പിടികൂടി പൊലീസിന് കൈമാറി.

കുറ്റ്യാടി അടുക്കത്ത് ഇന്നലെ രാത്രിയാണ് എം.ഡി.എം.എ വാങ്ങാൻ എത്തിയ നാദാപുരം ചെക്യാട് സ്വദേശി ഉടുമ്പന്റവിട ആദർശിനെ നാട്ടുകാർ പിടികൂടി കുറ്റ്യാടി പോലീസില്‍ ഏല്‍പ്പിച്ചത്.

ഇയാളില്‍ നിന്നും 4.7 ഗ്രാം എം.ഡി. എം.എ.യും പിടികൂടി. ഇന്നലെ രാത്രി അസമയത്ത് അടുക്കത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്ന ആദർശിനെ കണ്ട നാട്ടുകാരൻ ജനകീയ ദുരന്ത നിവാരണ സേന ചെയർമാൻ ബഷീർ നരയംകോടനെ വിവരം അറിയിക്കുകയായിരുന്നു. 

ആദർശിനെ നാട്ടുകാർ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് അടുക്കത്ത് സ്വദേശി കോവുമ്മല്‍ ആഫ്രിദ് എന്നയാള്‍ക്ക് പണം അയച്ചു കൊടുത്തതായും ഇതിൻറെ അടിസ്ഥാനത്തില്‍ മറ്റൊരാള്‍ നല്‍കിയ ലൊക്കേഷനും ഫോട്ടോയും അനുസരിച്ചാണ് അടുക്കത്ത് എത്തി എം.ഡി.എം.എ പൊതി എടുത്തതെന്നും ആദർശ് പറഞ്ഞു. തുടർന്ന് കുറ്റ്യാടി പോലീസ് എത്തി ആദർശിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കുറ്റ്യാടി നാദാപുരം മേഖലയില്‍ മാരക മയക്കുമരുന്ന് ലോബി തന്നെ പ്രവർത്തിക്കുന്നുണ്ട്. ഓണ്‍ലൈൻ വഴിയാണ് വിതരണം നടത്തുന്നത്. 

ഇതര സംസ്ഥാനങ്ങളില്‍ പഠിക്കാൻ പോയ വിദ്യാർത്ഥികളെ മയക്കു മരുന്ന് സംഘം ദുരുപയോഗം ചെയ്യുന്നുണ്ട്. നിരവധി വിദ്യാർത്ഥികള്‍ ലഹരിക്ക് അടിമകള്‍ ആയിട്ടുമുണ്ട്.

വളരെ പുതിയ വളരെ പഴയ