കാസർഗോഡ്: പെരിയ കേസില്‍ നിയമ പോരാട്ടം നടത്തുന്നതിന് ഫണ്ട് പിരിവുമായി സിപിഎം. സ്പെഷ്യല്‍ ഫണ്ട് എന്ന പേരിലാണ് പണപ്പിരിവ്.
പാർട്ടി അംഗങ്ങള്‍ 500 രൂപ വീതവും, ജോലിയുള്ളവർ ഒരു ദിവസത്തെ ശമ്പളവും നല്‍കണമെന്നാണ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നിർദേശം.
ഈ മാസം ഇരുപതിനകം പണം ഏരിയ കമ്മിറ്റികള്‍ക്ക് കൈമാറണമെന്നാണ് നിർദേശത്തിലുള്ളത്. 28000ത്തിലേറെ അംഗങ്ങളാണ് സിപിഎമ്മിന് ജില്ലയിലുള്ളത്. ഇവർക്ക് പുറമെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുമുണ്ട്.
ഹൈക്കോടതി സ്‌റ്റേ ലഭിച്ചതിനെ തുടർന്ന് മോചിതരായ ഉദുമ മുൻ എംഎല്‍എ കെ.വി കുഞ്ഞിരാമനടക്കമുള്ള പ്രതികളായ നാല് സിപിഎം നേതാക്കള്‍ക്കും വൻ സ്വീകരണമാണ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയത്.
കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, മുതിർന്ന നേതാവ് പി ജയരാജൻ, സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രൻ തുടങ്ങിയ നേതാക്കളും നിരവധി പ്രവർത്തകരും ഇവരെ സ്വീകരിക്കാൻ എത്തിയിരുന്നു.
രക്ത ഹാരമണിയിച്ചാണ് ജയിലിന് പുറത്തെത്തിയ നാലുപേരെയും സ്വീകരിച്ചത്. സിപിഎം നേതാക്കളായതു കൊണ്ടാണ് തങ്ങളെ പ്രതി ചേർത്തതെന്നും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നുമായിരുന്നു കെ വി കുഞ്ഞിരാമന്റെ പ്രതികരണം.
ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീലിനൊപ്പം നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് ശിക്ഷ സ്റ്റേ ചെയ്തത്.