വയനാട് : അമരക്കുനിക്ക് സമീപം വീണ്ടും കടുവയെത്തി. പുൽപ്പള്ളി അമരക്കുനിയിലെ കടുവ കാപ്പി സെറ്റ്, തൂപ്ര മേഖലയിലേക് നീങ്ങിയതായി വനം വകുപ്പ് അറിയിച്ചു. ദേവർഗദ്ദക്കും സമീപം കൂട്ടിൽ കെട്ടിയ ആടിനെ കടുവ കൊന്നു. അമരക്കുനിയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. വയനാട് അമരക്കുനി മേഖലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കടുവയെ ജനങ്ങൾ നേരിൽ കാണുകയും ചെയ്തു. വനം വകുപ്പിന്റെ ടീമുകൾ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കാപ്പി സെറ്റ്, തൂപ്ര, അമരക്കുനി പ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രാവിലെ തന്നെ കടുവയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമത്തിലാണ് വനപാലകർ. നെടിയങ്ങാടിയില്‍ കേശവന്‍ എന്നയാളുടെ ആടിനെയാണ് കടുവ ആക്രമിച്ചത്.
ജനവാസമേഖലയിലാണ് കടുവ ഇറങ്ങിയിട്ടുള്ളത് എന്നതിനാൽ പിടികൂടാന്‍ സര്‍വസന്നാഹങ്ങളുമായാണ് വനംവകുപ്പ് എത്തുന്നത്. മയക്കുവെടിവിദഗ്ധനായ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍നിന്നുള്ള ആര്‍ആര്‍ടി സംഘം ഞായറാഴ്ച രാവിലെ എത്തിയിരുന്നു. സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമന്‍ സ്ഥലത്ത് ക്യാമ്പുചെയ്താണ് ദൗത്യം ഏകോപിപ്പിക്കുന്നത്.
മൂന്നുകൂടുകളാണ് വനംവകുപ്പ് സ്ഥാപിച്ചിരിക്കുന്നത്. ഇരയായി ജീവനുള്ള ആടുകളെയാണ് വെച്ചിട്ടുള്ളത്. അവശനായ കടുവ കൂട്ടില്‍ത്തന്നെ കുടുങ്ങുമെന്നാണ് വനപാലകര്‍ കരുതുന്നത്. പ്രദേശത്ത് മുന്‍പ് സ്ഥാപിച്ചിരുന്ന നിരീക്ഷണക്യാമറകളും മാറ്റിസ്ഥാപിച്ചു.