ഗ്രീഷ്മയ്‌ക്ക് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നു, കളനാശിനി തെരഞ്ഞത് അതിനെന്ന് പ്രതിഭാഗം; ഷാരോണ്‍ കൊലക്കേസില്‍ വിധി 17ന്

 


തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് കൊലക്കേസിലെ വിധി ഈ മാസം 17 ന്. കേസിന്റെ വിചാരണ പൂർത്തിയായ സാഹചര്യത്തിലാണ് നെയ്യാറ്റിൻകര അഡീഷണല്‍ സെഷൻസ് കോടതി വിധി പറയാനായി മാറ്റിയത്.

2022 ഒക്ടോബർ 13 നാണ് കേസിനാസ്പദമായ സംഭവം. പ്രതി ഗ്രീഷ്മ പ്രണയബന്ധത്തില്‍ നിന്നും പിന്മാറാൻ തയ്യാറാകാതിരുന്ന കാമുകൻ ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലർത്തി നല്‍കി കൊന്നുവെന്നാണ് കേസ്. ഷാരോണ്‍ കൊല്ലപ്പെട്ട് രണ്ട് വർഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്..

ദേവിയോട് രാമവർമൻചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ (22) ആണ് കേസിലെ ഒന്നാം പ്രതി. തെളിവ് നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മല കുമാരൻ നായരും മാതാവ് സിന്ധുവും കൂട്ടു പ്രതികളാണ്. മുഴുവൻ പ്രതികളും നിലവില്‍ ജാമ്യത്തിലാണ്.

വിചാരണ വേളയില്‍ വിചിത്ര വാദമാണ് പ്രതിഭാഗം ഉയർത്തിയത്. പനിയായതിനാലാണ് പാരസെറ്റാമോളിനെ കുറിച്ച്‌ ഗൂഗിളില്‍ തെരഞ്ഞതെന്നായിരുന്നു ഗ്രീഷ്മയുടെ അഭിഭാഷകന്റെ വാദം. 

പ്രതി വിഷത്തിന്റെ പ്രവർത്തന രീതി വെബ് സെർച്ചിലൂടെ പഠിച്ചെന്ന പ്രോസിക്യൂഷൻ വാദം ഖണ്ഡിക്കാനായിരുന്നു ഇത്. ഗ്രീഷ്മയ്‌ക്ക് ആത്മഹത്യ പ്രവണതയുണ്ടായിരുന്നുവെന്നും ഇതാണ് പാരാക്വാറ്റ് എന്ന കളനാശിനിയെ കുറിച്ച്‌ ഗൂഗിളില്‍ തെരയാനിടയാക്കിയതെന്നും പ്രതി ഭാഗം കോടതിയില്‍ വാദിച്ചു.

അതേ സമയം പ്രോസിക്യൂഷനായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ വി എസ് വിനീത് കുമാർ ഹാജരായി. പ്രതികള്‍ക്കെതിരെ 323 രേഖകളും, 51 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയില്‍ തെളിവിനായി സമർപ്പിച്ചു. 

ദൃക്സാക്ഷികള്‍ ഇല്ലാത്ത ഈ കേസില്‍ സാഹചര്യ തെളിവുകളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രോസിക്യൂഷൻ വാദം നടത്തിയത്.

2022 ഒക്ടോബർ 14 നാണ് ആണ്‍ സുഹൃത്തായ ഷാരോണിന് ഗ്രീഷ്മ കഷായത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തുന്നത്. മറ്റൊരു വിവാഹം കഴിക്കാൻ പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറാതിരുന്ന ഷാരോണിനെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. 

ഗുരുതരാവസ്ഥയിലായ ഷാരോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ 2022 ഒക്ടോബർ 25നാണ് മരിച്ചത്.

വളരെ പുതിയ വളരെ പഴയ