കണ്ണൂർ: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ അച്ഛന് മരണം വരെ തടവും പിഴയും. കണ്ണൂർ കുറുമാത്തൂർ സ്വദേശിയായ പതിമൂന്നുകാരിയാണ് പീഡനത്തിനിരയായത്.
തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ രാജേഷാണ് പ്രതിക്ക് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും വിധിച്ചത്.
തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 2019 മുതല്‍ പെണ്‍കുട്ടി പിതാവിന്റെ പീഡനത്തിന് ഇരയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പരിശോധനയ്‌ക്ക് വിധേയയാക്കിയപ്പോഴാണ് പെണ്‍കുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്.
ആദ്യ ഘട്ടത്തില്‍ ബന്ധുവിന്റെ പേരാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ കൗണ്‍സിലിംഗിനിടെ അച്ഛനാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തുകയായിരുന്നു. പീഡന ശേഷം പ്രതി വിദേശത്തേക്ക് കടന്നിരുന്നു.
ഇയാളെ നാട്ടിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്ത്. പ്രതി ജാമ്യത്തിലിറങ്ങി മുങ്ങിയതിനെത്തുടർന്നാണ് ജൂലൈയില്‍ വിധി പറയേണ്ട കേസ് പരിഗണിക്കുന്നത് കോടതി മാറ്റി വച്ചിരുന്നു. രണ്ട് വകുപ്പുകളില്‍ മരണം വരെ തടവും മറ്റൊരു വകുപ്പില്‍ 47 വർഷം തടവും 15 ലക്ഷം പിഴയുമാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി വിധിച്ചത്.