പുറമേരിയിൽ ഗൃഹ പ്രവേശ ചടങ്ങിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ഉണ്ടായ ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട് ആരോഗ്യ വിഭാഗം കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഗൃഹ പ്രവേശന ചടങ്ങ് നടത്തിയ ഗൃഹനാഥന് നോട്ടീസ് നൽകിയിരുന്നു.
നൂറോളം ആളുകൾക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായ സംഭവം കഴിഞ്ഞ ദിവസം പുറമേരി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ അടിയന്തിര പൊതുജന ആരോഗ്യ സമിതി ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തിയിരുന്നു. തുടർ നടപടികൾ സ്വീകരിക്കുവാൻ വേണ്ടി ഹെൽത്ത് ഇൻസ്പെക്ടറേയും ചുമതലപ്പെടുത്തി.
അതിന്റെ അടിസ്ഥാനത്തിൽ അശ്രദ്ധയോടെയും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും ഭക്ഷണം ഉണ്ടാക്കുന്നവർക്ക് സർക്കാർ നിർദ്ദേശിച്ച ഹെൽത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പോലും ഇല്ലാതെയും, ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിച്ച പാത്രങ്ങളുടെ ശുചിത്വവും ഗുണനിലവാരവും പരിശോധിക്കാതെയും, ഭക്ഷണ ആവശ്യത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താതെയും 1500 ഓളം ആളുകൾക്ക് ഭക്ഷണം ഉണ്ടാക്കിയ കുക്കിന് കേരള പൊതുജനാരോഗ്യ നിയമം, കേരള പഞ്ചായത്ത് രാജ് നിയമം എന്നിവ പ്രകാരം നിയമ നടപടികൾ സ്വീകരിക്കാതിരിക്കുവാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ ബോധിപ്പിക്കുവാൻ വേണ്ടി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി നോട്ടീസ് നൽകിയത്.
പുറമേരി ഗ്രാമ പഞ്ചായത്തിൽ 50 ആളുകളിൽ കൂടുതൽ പങ്കെടുക്കുന്ന ഭക്ഷണ വിതരണം നടക്കുന്ന എല്ലാ പരിപാടികളും ഓതറൈസ്ഡ് ഹെൽത്ത് ഓഫീസറായ ഹെൽത്ത് ഇൻസ്പെക്ടറെ 15 ദിവസം മുൻപെങ്കിലും രേഖാ മൂലം അറിയിക്കണമെന്നും ആരോഗ്യ വിഭാഗം നിർദ്ദേശിക്കുന്ന പൊതുജനാരോഗ്യ സുരക്ഷാ മുൻകരുതുകൾ എല്ലാം ചെയ്തു എന്ന് സംഘടിപ്പിക്കുന്നവർ ഉറപ്പ് വരുത്തേണ്ടതുമാണ്.
അല്ലാത്ത പക്ഷം പ്രസ്തുത പരിപാടിയുടെ സംഘാടകർക്കെതിരെ കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്ന് ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോക്ടർ ഇസ്മയിൽ പുളിയം വീട്ടിൽ അറിയിച്ചു.