അതേസമയം ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജിതിൻ ബോസിൻറെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട്. റിതുവിന് മാനസിക പ്രശ്നമില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മറ്റൊരു കേസിൽ പ്രതി റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്. ചേന്ദമംഗലത്ത് ഒരു കുടുബത്തിലെ 3 പേരെയാണ് അതിക്രൂരമായി അടിച്ചു കൊലപ്പെടുത്തിയത്. വേണു, വിനിഷ, ഉഷ, ജിതിൻ എന്നിവരാണ് അതിക്രമത്തിനിരയായത്. ഇവരിൽ വേണുവും ഉഷയും വിനീഷയും മരിച്ചു.
കേസിലെ പ്രതി റിതു ജയൻ കൊടും ക്രിമിനലെന്നു പൊലീസ് വ്യക്തമാക്കുന്നു. നേരത്തെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൊല്ലപ്പെട്ട മൂന്ന് പേർക്കും തലയിൽ മാരകമായി മുറിവേറ്റിരുന്നു. ക്രൂരകൃത്യത്തിനു ശേഷം പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. സ്ഥിരം ക്രിമിനലും അഞ്ച് കേസുകളിൽ പ്രതിയുമാണ് റിതു ജയൻ.
2021 മുതൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലുമാണ്. കഴിഞ്ഞ നവംബറിലും ഡിസംബറിലും റിതുവിനെ അന്വേഷിച്ച് പൊലീസ് ചേന്നമംഗലത്ത് വീട്ടിൽ എത്തിയിരുന്നു. റിതുവിനെതിരെ നേരത്തെ ശക്തമായ നടപടി എടുത്തിരുന്നെങ്കിൽ ഈ ദാരുണ സംഭവം ഉണ്ടാകില്ലായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.